കൊച്ചി: മുഖന്ത്രി പിണറായി വിജയനെ ചവിട്ടി അറബിക്കടലില്‍ എറിയുമെന്നും എകെജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്നും പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ വീണ്ടും രംഗത്ത്. ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോടിയേരിയേയും അടക്കം പുറത്താക്കി എകെജി സെന്റര്‍ സീൽ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്ററെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
എകെജി സെന്ററിൽ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന്‍ എകെജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു.
ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ചു തരിപ്പണമാക്കുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ ഗുണ്ടകളായ പൊലീസുകാരെ പിണറായി സര്‍ക്കാര്‍ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചു. ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. നേരത്തേ പിണറായി വിജയന്റെ കാലുകള്‍ വലിച്ച് കീറി അറബിക്കടലില്‍ എറിയുമെന്ന് രാധാകൃഷ്ണന്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.