നിലയ്ക്കൽ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനൊപ്പം നിലയ്ക്കലിൽ എത്തിയ ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ എസ്‌പി യതീഷ് ചന്ദ്രയുമായി വാക്പോര്. ശബരിമലയിലേക്ക് പോകാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. നിലയ്ക്കലിൽനിന്നും സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം. ഇതിന് എസ്‌പി യതീഷ് ചന്ദ്ര തയ്യാറായില്ല. സ്വകാര്യ വാഹനങ്ങൾ കടത്തി വിട്ടാൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും ഇത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എസ്‌പി പറഞ്ഞു.

എസ്‌പിയുടെ മറുപടിയിൽ തൃപ്തി വരാതെ കേന്ദ്രമന്ത്രി വീണ്ടും ഇക്കാര്യം ആവർത്തിച്ചു. ഇതിനു മറുപടിയായി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാൻ തയ്യാറാണെന്നും ഗതാഗത കുരുക്ക് ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും ചോദിച്ചു. ഇതിനു കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതാണ് താനും പറഞ്ഞതെന്ന് എസ്‌പി വ്യക്തമാക്കി.

ഇതു കേട്ടപ്പോഴാണ് ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ എസ്‌പിയോട് തട്ടിക്കയറിയത്. നിങ്ങൾ ചെയ്യേണ്ട പണി ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാണോയെന്നു ചോദിച്ച് രാധാകൃഷ്ണൻ ചൂടായി. എസ്‌പി മറുപടി പറയാതെ രാധാകൃഷ്ണന്റെ മുഖത്തേക്ക് നോക്കി. ഇതു കണ്ടതും മുഖത്ത് നോക്കി പേടിപ്പിക്കുന്നത് എന്തിനാണെന്നും മന്ത്രിയോട് മര്യാദയ്ക്ക് സംസാരിക്കണമെന്നും പറഞ്ഞ് രാധാകൃഷ്ണൻ കയർത്തു.

എന്നാൽ രാധാകൃഷ്ണന് മറുപടി കൊടുക്കാതെ എസ്‌പി വീണ്ടും കേന്ദ്രമന്ത്രിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കെഎസ്ആർടിസി ഭക്തരെ പമ്പയിൽ ഇറക്കിയശേഷം പാർക്ക് ചെയ്യാതെ തിരികെ വരികയാണെന്നും, സ്വകാര്യ വാഹനങ്ങൾ പോയാൽ പാർക്കിങ് സൗകര്യം ഇല്ലെന്നും, മാത്രമല്ല മണ്ണിടിച്ചിലിനുളള സാധ്യതയുണ്ടെന്നും എസ്‌പി പറഞ്ഞു. കേന്ദ്രമന്ത്രിയുടെ വാഹനം കടത്തിവിടുന്നതിന് യാതൊരു പ്രശ്നവുമില്ലെന്നും എസ്‌പി വ്യക്തമാക്കി. അതും പോരെങ്കിൽ കേന്ദ്രമന്ത്രി ഓർഡർ നൽകിയാൽ എല്ലാ വാഹനങ്ങളെയും കടത്തിവിടാമെന്നും പറഞ്ഞു. എന്നാൽ തനിക്ക് ഓർഡർ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.


(വീഡിയോ കടപ്പാട്: ന്യൂസ്18 കേരളം)

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ