തിരുവനന്തപുരം: സംസ്ഥാനത്ത് നായകളുടെ കടിയേറ്റ് ഈ വര്‍ഷമുണ്ടായ മരണങ്ങള് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു.
പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധസമിതി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു മന്ത്രിയുടെ നിര്‍ദേശം.
പേവിഷബാധ നിയന്ത്രിക്കാന്‍ ആരോഗ്യ, തദ്ദേശഭരണ, മൃഗസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്ന് കര്‍മപദ്ധതി ആവിഷ്കരിക്കാന്‍ കഴിഞ്ഞദിവസം ബന്ധപ്പെട്ട മന്ത്രിമാര്‍ പങ്കെടുത്ത യോഗം തീരുമാനിച്ചിരുന്നു. നായകളുടെയും പൂച്ചകളുടെയും കടി വര്‍ധിച്ച സാഹചര്യത്തില്‍ മന്ത്രിമാരുടെ യോഗത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്. പല ജില്ലകളിലും നായകളുടെ കടി മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്.
1,47,287 പേരാണ് നായയുടെ കടിയേറ്റ് ഈ വര്‍ഷം ജൂണ്‍വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ വര്‍ഷം ഇതുവരെ 18 പേര് മരിച്ചു.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയാണ് ഏറ്റവും ഒടുവില്‍ മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിനു സമീപത്തുവച്ച് നായയുടെ കടിയേറ്റ കൂത്താളി പുതിയേടത്ത് ചന്ദ്രിക (53) പേ വിഷബാധ പ്രതിരോധ വാക്സിനെടുത്തിരുന്നു. മുഖത്താണ് കടിയേറ്റത്. കഴിഞ്ഞ വര്‍ഷം 2,21,379 പേര്‍ക്കു കടിയേല്‍ക്കുകയും 11 പേര് മരിക്കുകയും ചെയ്തിരുന്നു.
തെരുവുനായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാനും വാക്സിനേഷനും നടത്താണു മന്ത്രിതല യോഗത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. വളത്തുനായ്ക്കളുടെ വാക്്സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പാക്കുന്നത് ഉറപ്പാക്കും. ഓരോ ബ്ലോക്കിലും വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും.
പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ശക്തമായ ബോധവത്കരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്നു പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണു പലപ്പോഴും മരണത്തിലേക്കു നയിക്കുന്നത്. എല്ലാ പ്രധാന ആശുപത്രികളിലും വാക്സിന് ഉറപ്പുവരുത്തും. വാക്സിനെടുക്കുന്നതിനു വിമുഖത പാടില്ല.
പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായ്ക്കള്‍ക്കു മൃഗസംരക്ഷണ വകുപ്പ് വാക്സിന് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.