/indian-express-malayalam/media/media_files/uploads/2018/09/Amutha-Jayadeep.jpg)
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ഒരു സർവ്വകലാശാല തിരഞ്ഞെടുപ്പാണ് ഇന്ദ്രപ്രസ്ഥത്തിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിലിയിലേത്. അക്കാദമിക് രംഗത്തും രാഷ്ട്രീയ സാമൂഹിക രംഗത്തുമുളള ചലനങ്ങളോട് എപ്പോഴും സജീവും സർഗാത്മകവുമായി പ്രതികരിക്കുന്ന ക്യാംപസ് എന്ന നിലയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഇടമാണ് ജെ എൻ യു. അതുകൊണ്ട് തന്നെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പല നിർണായകഘട്ടങ്ങളിലും ഈ ക്യാംപസ് തിളച്ചു മറിയാറുണ്ട്. അടിയന്തരാവസ്ഥക്കാലമായാലും വർത്തമാനകാലമായാലും ഇതുതന്നെയാണ് സ്ഥിതി.
ഇടതുപക്ഷ ജനാധിപത്യ നിലപാടുകളുടെ അടിത്തറയിൽ വിപുലമായ അക്കാദമിക് പിൻബലമുളള ഇടപെടലുകളാണ്​ ഇവിടെ നിന്നും ഉയർന്നിട്ടുളളത്. കഴിഞ്ഞ നാല് വർഷമായി ഈ ക്യാംപസ് അസ്വസ്ഥമാണ്. ഭരണാധികാരികളുടെ ഇടപെടലും കേസുകളും അറസ്റ്റുമെല്ലാമായി രാജ്യാന്താര തലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായി ഈ സർവകലാശാല. ഉമർ ഖാലിദും ഷെഹ്ല റഷീദും, കനയ്യ കുമാറും തുടങ്ങി വിദ്യാർത്ഥികളുടെ നേരെ നടന്ന ഭരണകൂട നടപടികളും അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും രാജ്യവ്യാപകമായി.
ജനാധിപത്യവും, സോഷ്യലിസവും, സെക്യുലറിസവും, ജാതീയതയും, സാമ്പത്തിക നയങ്ങളും തുടങ്ങി ഇന്ത്യയുടെ ഭാവിയെ കുറിച്ച് ആഴത്തിലുളള ചർച്ചകൾ നടക്കുന്ന ഒരിടം. പതിവായി ജെഎൻയു വിദ്യാർത്ഥി പോരാട്ടത്തിന്റെ, പ്രക്ഷോഭത്തിന്റെ മുൻനിരയിൽ മലയാളി സാന്നിദ്ധ്യം ഉറപ്പാണ്.
അമുത(ഇടത്ത്) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഐജാസ്, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സരിത, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സായി ബാലാജി എന്നിവർക്കൊപ്പം... ചിത്രം/ ഫെയ്സ്ബുക്ഡൽഹിയിലെ ഈ ക്യാംപസിൽ നിന്ന് കേരളത്തിന്റെ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പിൽ ജയിച്ച് കയറിയ ഒടുവിലെ നേതാവാണ് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ. സിപിഐ യോട് അനുഭാവമുളള വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റെ പ്രവർത്തകനായിരുന്നു മുഹ്സിൻ. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയ ഉടൻ ജെഎൻയുവിൽ നടപ്പിലാക്കിയ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് പിന്നാലെ ഉയർന്ന വൻ പ്രതിഷേധങ്ങൾക്ക് മുൻപിൽ മുഹ്‌സിനും ഉണ്ടായിരുന്നു.
എന്നാലിന്ന് മറ്റൊരാളാണ് അതേ ക്യാംപസിൽ നിന്ന് എഐഎസ്എഫ് പ്രതിനിധിയായി തന്നെ മുന്നോട്ട് വരുന്നത്. അമുത ജയദീപ്. ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നാല് പ്രധാന സീറ്റുകളിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത് ഇടത് വിദ്യാർത്ഥി സഖ്യത്തിന്റെ മലയാളിയായ ഈ സ്ഥാനാർത്ഥിയാണ്. എഐഎസ്എഫ് പ്രവർത്തക.
മുതിർന്ന മാധ്യമപ്രവർത്തകൻ കെപി ജയദീപിന്റെ മകളാണ് അമുത. ന്യൂസ് 18 കേരളത്തിന്റെ സീനിയർ ന്യൂസ് എഡിറ്ററായിരുന്ന ജയദീപ് മുൻപ് ഏഷ്യാനെറ്റ് ന്യൂസിന്റെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. എഐഎസ്എഫിന്റെ സംസ്ഥാന നേതൃത്വം വഹിച്ചിരുന്ന ഇദ്ദേഹം ജനയുഗത്തിലൂടെയാണ് മാധ്യമപ്രവർത്തന രംഗത്തേക്ക് വരുന്നത്.
ഡൽഹിയിലാണ് അമുത പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എട്ടാം ക്ലാസ് വരെയുളള പഠനം ഡൽഹിയിലായിരുന്നു. പിന്നീട് പ്ലസ് ടു വരെയുളള പഠനം തിരുവനന്തപുരത്തായിരുന്നു.
അമുത ബിരുദത്തിന് തിരഞ്ഞെടുത്ത വിഷയം ബിഎസ്‌ഡബ്ല്യു ആയിരുന്നു. കൊച്ചി കളമശേരിയിലെ രാജഗിരി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. ഇതിന് ശേഷം അമുത ഡൽഹിയിലേക്ക് തന്നെ തിരികെ പോയി, ബിരുദാനന്തര ബിരുദവും എംഫിലും പഠിച്ചത് ജെൻയുവിൽ തന്നെ. അവിടെ തന്നെ പിഎച്ച്‌ഡി ചെയ്യുകയാണ് അമുത ഇപ്പോൾ. ഡൽഹിയിലെത്തിയ ശേഷമാണ് എഐഎസ്എഫ് പ്രവർത്തനത്തിൽ അമുത സജീവമായത്. ജെഎൻയുവിലെ എഐഎസ്എഫിന്റെ പ്രധാന നേതാക്കളിലൊരാളുമാണ് അമുത.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അമുതയ്ക്ക് 2047 വോട്ടാണ് ലഭിച്ചത്. എബിവിപിയുടെ വെങ്കട് ചൗബിക്ക് 1290 വോട്ട് ലഭിച്ചു. 757 വോട്ട് ഭൂരിപക്ഷത്തിലാണ് അമുതയുടെ വിജയം.
ഷീല തോമസാണ് അമ്മ. സഹോദരൻ അനുപം ജയദീപ് ഇപ്പോൾ അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. സി പി ഐ നേതാവും മുൻ എം എൽ എയും ജനയുഗത്തിന്റെ എഡിറ്ററുമായ രാജാജി മാത്യു തോമസ് അമുതയുടെ അമ്മാവനാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us