തിരുവനന്തപുരം: ഉംപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

ചുഴലിക്കാറ്റുണ്ടാക്കിയ നാശ നഷ്ടത്തെ മറികടക്കാൻ ഇരു സംസ്ഥാനങ്ങൾക്കും കേരളത്തിൻ്റെ എല്ലാ സഹായവും പിന്തുണയും നൽകും. പ്രതിസന്ധിയെ മറികടക്കാൻ പൊരുതുന്നവർക്ക് സംസ്ഥാനത്തിൻ്റെ ഐക്യദാർഢ്യം അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനും കത്തയച്ചു.

ബംഗാളിൽ ചുഴലിക്കാറ്റ് വൻ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. ബംഗാളിൽ ജനജീവിതത്തെ
ചുഴലിക്കാറ്റ് സാരമായി ബാധിച്ചെന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്. നിരവധി മനുഷ്യ ജീവനുകളും നഷ്ടമായി. ആയിരങ്ങൾക്ക് കിടപ്പാടവും ജീവനോപാധിയും നഷ്ടമായി. കോവിഡ് -19 മഹാമാരിയെ നേരിടുന്നതിനിടയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒഡീഷയിലും ദുരന്തം ഏൽപ്പിച്ച ആഘാതം ചെറുതല്ല. പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സർക്കാർ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: ഉംപുൻ ചുഴലിക്കാറ്റ്: പ്രധാനമന്ത്രി ഇന്ന് ബംഗാൾ സന്ദർശിക്കും

ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം എന്തെന്ന് ഈയടുത്ത കാലത്ത് സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയ കേരളത്തിന് മനസ്സിലാക്കാൻ സാധിക്കും. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നാശനഷ്‌ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ആകാശനിരീക്ഷണം നടത്തും. പ്രധാനമന്ത്രി ദുരന്തമേഖലകൾ സന്ദർശിക്കണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉംപുൻ നാശംവിതച്ച ഒഡീഷയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ഇന്നു രാവിലെ പത്തിനു കൊൽക്കത്ത വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് സൂചന. അതിനുശേഷം അവലോകയോഗത്തിൽ പങ്കെടുക്കും.

പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ചാണ് ഉംപുൻ ഇന്ത്യൻ തീരം വിട്ടത്. പശ്ചിമ ബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് 72 പേർ മരിച്ചു. കൊൽക്കത്തയിൽ മാത്രം 15 മരണം. സംസ്ഥാനത്ത് സ്ഥിതിഗതികൾ മോശമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ ആവശ്യപ്പെട്ടു. ഇതുപോലൊരു ദുരന്തം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ബംഗാൾ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മമത ബാനർജി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ബംഗാൾ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വിമാനത്താവളങ്ങളിലടക്കം കനത്ത നാശനഷ്ടമാണ് ഉംപുൻ മൂലമുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.