കോഴിക്കോട്: മത്സ്യലഭ്യത കുറഞ്ഞതോടെ രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം സംസ്ഥാനത്ത് വ്യാപകമാകുന്നു. കോഴിക്കോട് മീന്‍ മാര്‍ക്കറ്റില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. വടക്കന്‍ കേരളത്തിലേക്ക് അമോണിയയും ഫോര്‍മലിനും ചേര്‍ന്ന മത്സ്യങ്ങള്‍ ധാരാളമായി എത്തുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നർകിയിട്ടുണ്ട്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യങ്ങള്‍ മാര്‍ക്കറ്റിലെത്താന്‍ തുടങ്ങിയിരിക്കുന്നത്.
Read More: പുനലൂരിൽ മീൻ മുറിച്ച വീട്ടമ്മയുടെ സ്വർണ്ണ വളകളുടെ നിറം മാറി; സ്വർണ്ണം പൊടിഞ്ഞു
അമോണിയ അടക്കമുള്ള രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വിപണിയിലെത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് മീന്‍ മാര്‍ക്കറ്റുകളിലും മത്സ്യം കയറ്റി വരുന്ന ലോറികളിലും ഭക്ഷ്യവകുപ്പ് പരിശോധന നടത്തി. കാലപ്പഴക്കം വന്ന, ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളാണ് പലയിടത്തുനിന്നും കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്തെ അതിര്‍ത്തികളില്‍ പ്രത്യേക പരിശോധന നടത്തും.
Read More: ഇത് ലോക റെക്കോർഡ്! ‘ചൂര’ മീൻ ഒരെണ്ണം വിറ്റുപോയത് 21 കോടിക്ക്
കഴിഞ്ഞ വര്‍ഷം രാസവസ്തുക്കളടങ്ങിയ മത്സ്യം പിടിച്ചെടുക്കാന്‍ ‘ഓപ്പറേഷന് സാഗര്‍ റാണി’യിലൂടെ സാധിച്ചിരുന്നു. ഓപ്പറേഷന് ഇത്തവണയും തുടരാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം 28,000 കിലോ മത്സ്യമാണ് ഭക്ഷ്യയോഗ്യമല്ലാത്ത നിലയില്‍ ഓപ്പറേഷന് സാഗര്‍ റാണിയിലൂടെ പിടിച്ചെടുത്തത്.