കൊച്ചി: സിനിമ ലൊക്കേഷനുകളില്‍ ലൈംഗികാതിക്രമം തടയുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് നല്‍കിയ ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് കോടതി പരിഗണിക്കും.

മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും എ.എം.എം.എയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.

ഡിസംബര്‍ ഏഴിന് താരസംഘടന അബുദാബിയില്‍ നടത്തുന്ന ഷോയ്ക്കും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഡബ്ല്യൂസിസി ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു.

തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ കമ്മിറ്റിയുണ്ടെന്നാണ് എ എം എം എ അധികൃതരുടെ വിശദീകരണം. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് ഈ സമിതിയിലുള്ളതെന്ന് അമ്മ ജനറല്‍ സെക്രട്ടറി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.