ലൈംഗികാതിക്രമ പരിശോധനാ കമ്മിറ്റി: ഡബ്ലിയു സിസിയുടെ ഹർജിയിൽ താരസംഘടനയ്ക്കും സർക്കാരിനും നോട്ടീസ്

കേരള സർക്കാർ, താരസംഘടനയായ എ എം എം എ എന്നിവരെ എതിർ കക്ഷികളാക്കി ഡബ്ലിയു സിസിക്ക് വേണ്ടി പ്രസിഡന്റ് റീമാ കല്ലിങ്ങലാണ് ഹൈക്കോടതിയെ സമീപിച്ചത്

AMMA Women in Cinema Collective the story so far

കൊച്ചി: സിനിമാ മേഖലയിൽ ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കുന്നതിനായി വിശാഖ കേസിലെ സുപ്രീം കോടതി മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലുളള സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയു സി സി നൽകിയ കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ്. കേരള സർക്കാരിനും താരസംഘടനയായ എ എം എം എയ്ക്കുമാണ് നോട്ടീസ് അയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡബ്ല്യുസിസിക്കു വേണ്ടി പ്രസിഡന്റ് റിമ കല്ലിങ്കലാണ് ഹർജി നൽകിയത്.

വിശാഖാ കേസിന്റെ അടിസ്ഥാനത്തിലുള്ള (പിന്നീട് നിയമമാക്കപ്പെട്ട) സുപ്രീം കോടതി വിധി അനുസരിച്ചുള്ള ഇന്റെര്‍ണല്‍ കംപ്ലൈന്റ്റ്‌സ് കമ്മിറ്റി എ എം എം എയില്‍ ഇല്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഹര്‍ജി.

സിനിമാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ എ എം എം എ നേരിട്ട പരാജയം അതിലെ അംഗങ്ങളെ നിസ്സഹായരാക്കുകയും അവരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാതെയും പോകുന്നു എന്ന് വനിതാ കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡന്റ്‌ റിമാ കല്ലിങ്കല്‍ നല്‍കിയ പെറ്റിഷനില്‍ പറയുന്നു. ലോകം മുഴുവന്‍ ലൈംഗികാതിക്രമങ്ങളുടെ തുറന്നു പറച്ചിലുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു കമ്മിറ്റിയുടെ അഭാവം വളരെ വ്യാകുലപ്പെടുത്തുന്നതായും പെറ്റിഷനില്‍ വ്യക്തമാക്കിയിരുന്നു. കമ്മിറ്റി രൂപീകരിക്കാന്‍ എ എം എം എയോട് ആവശ്യപ്പെടാന്‍ കേരള സര്‍ക്കാറിനെ ചുമതലപ്പെടുത്താനാണ് ഹര്‍ജിയില്‍ വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More: സിനിമാ മേഖലയില്‍ വിശാഖാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്മിറ്റികള്‍ വേണമെന്ന് ഡബ്ല്യൂ സി സി

ഈ ആവശ്യം നേരത്തെ തന്നെ താരസംഘടനയായായ എ എം എംഎയിലെ അംഗങ്ങളും കൂടിയായ ഡബ്ലിയു സി സി അംഗങ്ങള്‍ രേവതി, പത്മപ്രിയ, പാർവതി എന്നിവർ എ എം എം എ യ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.​ എന്നാൽ അതിലുൾപ്പടെ ഒരു വിഷയത്തിലും നടപടി സ്വീകരിക്കാത്ത താരസംഘടനയ്ക്കെതിരെ ഡബ്ലിയു സി സി പ്രവർത്തകർ പരസ്യമായി രംഗത്തെത്തുകയായിരുന്നു.

ഇതിനെ തുടർന്ന് പ്രതികരിച്ച എ എം എം എ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖ് സിനിമാ മേഖലയിൽ ലൈംഗികാതിക്ര പരാതി പരിഹാര സംവിധാനത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു.​ ഇതിന് പിന്നാലെയാണ് ഡബ്ലിയു സി സി വിശാഖാ മാര്‍ഗ നിർദേശം ഈ മേഖലയിൽ നടപ്പാക്കാൻ ഹൈക്കോടതിയെ സമീപിച്ചത്. സംവിധായകന്‍ ആഷിഖ് അബു തന്റെ സിനിമാ നിർമ്മാണ കമ്പനിയില്‍ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിനെയും സിദ്ധിഖ് പരിഹസിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Amma wcc anti sexual harassment committee rima kallingal padma priya kerala high court

The moderation of comments is automated and not cleared manually by malayalam.indianexpress.com