കൊച്ചി:  മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്ന് കാണിച്ചു ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്സ് (‘എ എം എം എ), അംഗങ്ങള്‍ക്കായി ‘സർക്കുലർ’ പുറത്തിറക്കി.  പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് സംഘടനയ്ക്ക് ഉളളിൽ സംസാരിച്ച് പരിഹരിക്കണം എന്നും അതില്‍ പറയുന്നു.  സംഘടനയിലേക്ക് ഇല്ലെന്നു ദിലീപ് പറഞ്ഞ സാഹചര്യത്തിൽ തുടർ നടപടി അപ്രസക്തമായെന്നും അംഗങ്ങൾക്ക് നൽകിയ സർക്കുലറിൽ ‘എ എം എം എ’ വ്യക്തമാക്കുന്നു.

ആക്രമിക്കപ്പെട്ട നടി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നീ നാലു നടിമാരുടെ രാജി ലഭിച്ചതായും സർക്കുലറിൽ വെളിപ്പെടുത്തുന്നു. രേവതി, പത്മപ്രിയ, പാർവ്വതി എന്നിവരുമായി കൊച്ചിയിൽ ഓഗസ്റ്റ്‌ ഏഴാം തീയതി നടക്കുന്ന ചർച്ചയ്ക്ക് മുന്നോടിയായാണ് സർക്കുലർ പുറത്തിറക്കിയത്. ‘എ എം എം എ’യ്ക്കെതിരെ പരാതിപ്പെട്ട ജോയ് മാത്യുവിനെയും ഷമ്മി തിലകനെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ദിലിപീനെ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്‌ക്ക് കത്തു നല്‍കിയത്. ജൂണ്‍ 24 ന് നടന്ന ‘എ എം എം എ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്‌തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചു കൊണ്ടാണ് നടിമാർ ‘എ എം എം എ’യ്‌ക്ക് കത്ത് കൈമാറിയത്. ഇതിനു മറുപടിയായി ചര്‍ച്ചയ്‌ക്കു തയ്യാറെന്ന് നടി രേവതിക്കു നല്‍കിയ കത്തിൽ ‘എ എം എം എ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു.

ഓഗസ്റ്റ് ഏഴിന് കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ വിദേശത്ത് ആയതിനാൽ നടി പാർവ്വതി പങ്കെടുത്തേക്കില്ല. രേവതിയും പത്മപ്രിയയും ആയിരിക്കും ചർച്ചയിൽ പങ്കെടുക്കുക.

ദിലീപ് സംഘടനയുടെ പുറത്ത് തന്നെയാണെന്നാണ് ‘എ എം എം എ’ പ്രസിഡന്റ് മോഹൻലാൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. സാങ്കേതികമായും നിയമപരമായും ദിലീപ് അമ്മയിൽ ഇപ്പോൾ ഇല്ല. തിരികെ വരുന്നില്ലെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയതിനാൽ അംഗത്വം നില നിൽക്കില്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ