ചാലക്കുടി: നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് പിടിയിലായത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഇന്നസെന്റ് എംപി. അസുഖം ബാധിച്ച് ആശുപത്രിയിലായതിനാലാണ് ഇന്ന് ചേർന്ന അടിയന്തിര അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

“ഗൂഢാലോചനയുടെ വി​ശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ അമ്മയ്ക്കു കടുത്ത നിലപാടുകൾ എടുക്കുന്നതിൽ പരിമിതികൾ ഉണ്ട്. ഇതിനർഥം അമ്മ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തിൽ ആർക്കെങ്കിലും കുറ്റവാ​ളിയെ തുണയ്ക്കാനാകുമോ”, അദ്ദേഹം പോസ്റ്റിൽ ചോദിച്ചു.

എക്സിക്യുട്ടീവ് യോഗത്തിനിടെ അംഗങ്ങൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും തന്റെ കൂടി അഭിപ്രായം തേടിയ ശേഷം ഏകകണ്ഠമായാണ് ദിലീപിനെ അമ്മയുടെ പ്രഥാമിക അംഗത്വത്തിൽ നിന്ന് പോലും വിലക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

“കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചു നിൽക്കുമെന്നു അമ്മ ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു”, എന്ന് വ്യക്തമാക്കിയ അമ്മ പ്രസിഡന്റ് കേരള പൊലീസിനും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയ്ക്കും നന്ദി അറിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ