കൊച്ചി: അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിക്ക് മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ താരസംഘടനയുടെ എക്സിക്യൂട്ടീവ് യോഗം മോഹൻലാലിന്റെ അധ്യക്ഷതയിൽ നടക്കുന്നുണ്ട്.

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത നടപടി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പാർവ്വതി, രേവതി, പത്മപ്രിയ എന്നിവർ സംഘടനയ്ക്ക് കത്തു നൽകിയിരുന്നു. ലണ്ടനിലുളള മോഹൻലാൽ മടങ്ങി എത്തിയാലുടൻ യോഗം വിളിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം നടക്കുന്നത്. യോഗത്തിലെ നിർണായക തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ മോഹൻലാൽ അറിയിക്കുമെന്നാണ് വിവരം.

ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങൾ കൂടിയായ ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർ അമ്മയിൽനിന്നും രാജിവച്ചിരുന്നു. ഇതിനുപിന്നാലെ നടപടിയെ വിമർശിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖരും കന്നഡ സിനിമാ മേഖലയും രംഗത്തെത്തി. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍സ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഇക്വാളിറ്റി എന്നീ സംഘടനകള്‍ ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചു.

പ്രതിഷേധം ശക്തമായതോടെ മോഹൻലാൽ പ്രതികരിച്ചു. അമ്മയ്ക്കെതിരെയുള്ള പ്രസ്താവനകള്‍ വേദനയുണ്ടാക്കിയെന്ന് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് അമ്മ ഭാരവാഹികള്‍ക്ക് കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കി. ദിലീപിനെതിരെയുണ്ടായ നടപടി മരവിപ്പിച്ചത് ഏകകണ്ഠമായ തീരുമാനമാണ്. അമ്മ എന്ന വാക്കിന്‍റ പൊരുളറിഞ്ഞാണ് ഇത്രകാലം നിലകൊണ്ടത്. അമ്മ എന്നും അവള്‍ക്കൊപ്പമാണ്. ആക്രമിക്കപ്പെട്ട നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്. രാജിവച്ചുപുറത്തുപോയവരുടെ വികാരം പരിശോധിക്കാന്‍ തയാറാണെന്നും തിരുത്തലുകള്‍ ആരുടെ പക്ഷത്തുനിന്നായാലും നടപ്പാക്കുമെന്നും മോഹന്‍ലാല്‍ കത്തിൽ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.