Mohanlal Press Meet: കൊച്ചി: ദിലീപ് തെറ്റുകാരനല്ലെന്ന് തെളിഞ്ഞാൽ അമ്മയിൽ അംഗത്വം നൽകുമെന്ന് പ്രസിഡന്റ് മോഹൻലാൽ. നിരപരാധിയെന്ന് തെളിയാൻ പ്രാർത്ഥിക്കുന്നു. ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം ജനറൽ ബോഡി യോഗത്തിൽ ആരും എതിർത്തില്ല. വനിത അംഗങ്ങളടക്കം എല്ലാവരും യോഗത്തിൽ മൗനം പാലിച്ചു. ഒരാളെങ്കിലും എതിർത്തിരുന്നുവെങ്കിൽ തീരുമാനം തിരുത്തുമായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ അടിയന്തര എക്‌സിക്യൂട്ടീവ് ചേര്‍ന്നു. ദിലീപിനെ പുറത്താക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും അഭിപ്രായം ഉയർന്നു. പിന്നീടിത് തർക്കങ്ങളിലേക്ക് പോയി. ഒരു ഘട്ടത്തിൽ സംഘടന പിളരുന്ന സാഹചര്യം വരെയുണ്ടായി.
ദിലീപിനെ പുറത്താക്കാനുളള തീരുമാനം അന്നത്തെ സാഹചര്യത്തിൽ ധൃതി പിടിച്ച് എടുത്തതാണ്. പിന്നീടാണ് അതിനെ നിയമപ്രശ്നങ്ങൾ മനസ്സിലായത്. ഒരംഗത്തെ അങ്ങനെ പെട്ടെന്ന് പുറത്താക്കാനാവില്ല. പിന്നീട് ചേര്‍ന്ന എക്‌സിക്യൂട്ടീവ് ആ തീരുമാനം മരവിപ്പിച്ചു. അടുത്ത ജനറല്‍ ബോഡിയിലേക്ക് തീരുമാനം മാറ്റിവച്ചു.

കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ദിലീപ് വിഷയവും ചർച്ചയ്ക്ക് വന്നു. ദിലീപ് വിഷയം അജണ്ടയില്‍ ഉണ്ടായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.

ദിലീപ് സംഘടനയുടെ പുറത്ത് തന്നെയാണ്. സാങ്കേതികമായും നിയമപരമായും ദിലീപ് അമ്മയിൽ ഇപ്പോൾ ഇല്ല. തിരികെ വരുന്നില്ലെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയതിനാൽ അംഗത്വം നിലനിൽക്കില്ല. അമ്മ ജനറൽ ബോഡി യോഗത്തിനുശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്ന് മോഹൻലാൽ പറഞ്ഞു.

അമ്മ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്. ദിലീപ് അവസരങ്ങൾ തടഞ്ഞെന്ന് കാണിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയിൽ പരാതി നൽകിയിട്ടില്ല. പരാതി എഴുതി തന്നിരുന്നുവെങ്കിൽ നടപടി ഉണ്ടാകുമായിരുന്നു. ആക്രമിക്കപ്പെട്ട നടിയെ മാറ്റിനിർത്തിയിട്ടില്ല. അമ്മ സ്ത്രീ വിരുദ്ധ സംഘടനയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ല്യുസിസി നേതൃത്വവുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് മോഹൻലാൽ പറഞ്ഞു. ഇന്നുചേർന്നത് അമ്മയുടെ എക്സിക്യൂട്ടീവ് യോഗമല്ല. എക്സിക്യൂട്ടീവ് ചേർന്ന ശേഷം ഡബ്ല്യുസിസി അംഗങ്ങളുമായി ചർച്ച ചെയ്യും. രാജിവച്ച നാലുപേരിൽ രണ്ടുപേരുടെ രാജിക്കത്തേ കിട്ടിയിട്ടുളളൂ. രാജിവച്ചവരെ തിരികെയെടുക്കേണ്ടത് അമ്മ ജനറൽ ബോഡിയാണ്. അമ്മയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാം. ആവശ്യമെങ്കിൽ അമ്മയുടെ സംഘടനാച്ചട്ടം മാറ്റാമെന്നും മോഹൻലാൽ പറഞ്ഞു.


(കടപ്പാട്: മനോരമ ന്യൂസ്)

ഡബ്ല്യുസിസിയിലെ അംഗങ്ങൾ അമ്മ സംഘടനയിലും അംഗങ്ങളാണ്. അവർക്ക് സംഘടനാ ഭാരവാഹിയായി മൽസരിക്കാമായിരുന്നുവെന്നും അതിനെ ആരും എതിർത്തിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു.

Mohanlal Press Meet Live Updates:

12.48 pm: അമ്മയുടെ ഭാരവാഹി ആകാൻ വനിതാ അംഗങ്ങൾ മുന്നോട്ടു വരാറില്ല. പാർവ്വതിക്കും ഭാരവാഹിയാകാം

12.45 pm: ഡബ്ല്യുസിസി അംഗങ്ങൾ അമ്മയിൽ മൽസരിക്കുന്നതിനെ എതിർത്തിട്ടില്ല

12.42 pm: അമ്മ ജനറൽ ബോഡി യോഗത്തിൽ ഡബ്ല്യുസിസിയിൽ അംഗങ്ങളായ അമ്മിലെ വനിത അംഗങ്ങൾക്കും പങ്കെടുത്ത് അഭിപ്രായം പറയാമായിരുന്നു. അവർക്ക് സംഘടനയുടെ തലപ്പത്തേക്ക് മൽസരിക്കാമായിരുന്നു

12.39 pm: രാജിവച്ച നാലുപേരിൽ രണ്ടുപേരുടെ രാജിക്കത്തേ കിട്ടിയിട്ടുളളൂ

12.36 pm: അമ്മ സ്ത്രീ വിരുദ്ധ സംഘടനയല്ല

12.35 pm: കുറ്റവിമുക്തനായാൽ ദിലീപിന് അംഗത്വം. നിരപരാധിയെന്ന് തെളിയാൻ പ്രാർത്ഥിക്കുന്നു

12.33 pm: രാജിവച്ച നടിമാരെ തിരിച്ചെടുക്കേണ്ടത് ജനറൽ ബോഡിയാണ്

12.31 pm: തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് ആക്രമിക്കപ്പെട്ട നടി ഒരിക്കലും അമ്മയ്ക്ക് പരാതി നൽകിയിട്ടില്ല

12.30 pm: അമ്മ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്

12.29 pm: ദിലീപ് അമ്മയ്ക്ക് പുറത്തുതന്നെയെന്ന് മോഹൻലാൽ

12.29 pm: ഇപ്പോൾ പ്രതിഷേധിച്ച ആരും അന്ന് എതിർത്തില്ല

12.28 pm: വനിത അംഗങ്ങൾ അടക്കം യോഗത്തിൽ മൗനം പാലിച്ചു. 484 അംഗങ്ങളുളള അമ്മ സംഘടനയിൽ 238 പേരും സ്ത്രീകളാണ്.

12.28 pm: ഒരാളെങ്കിലും ആവശ്യപ്പെട്ടിരുന്നുവെങ്കിൽ തീരുമാനം തിരുത്തുമായിരുന്നു

12.26 pm: ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തിൽ ആരും പറഞ്ഞില്ല

12.23 pm: അമ്മ ജനറൽ ബോഡി യോഗത്തിനുശേഷം വാർത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റായിപ്പോയി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.