കൊച്ചി: താര സംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നടനും എംപിയുമായ ഇന്നസെന്റ് ഒഴിയുന്നു. അടുത്ത ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. തന്നേക്കാള്‍ യോഗ്യതയുള്ളവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംപിയായതോടെ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നീണ്ട 17 വര്‍ഷം പ്രസിഡന്റായ ശേഷമാണ് ഇന്നസെന്റ് സ്ഥാനമൊഴിയുന്നത്. തുടര്‍ച്ചയായി നാല് തവണയാണ് ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. 2015 മുതല്‍ 2018 വരെയാണ് നിലവിലുളള കമ്മിറ്റിയുടെ കാലാവധി.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അമ്മ പ്രസിഡന്റെന്ന നിലയില്‍ ഇന്നസെന്റ് മൗനം പാലിച്ചത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.
നിലവില്‍ ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ് സംഘനടയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കാര്യങ്ങളില്‍ പരിചയസമ്പത്തുള്ള ഇടവേള ബാബു തന്നെ പ്രസിഡന്റ് ആക്കണമെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള പൊതുവികാരം എന്നാണ് അറിയുന്നത്. എന്നാല്‍ ഇന്നസെന്റിനെ പോലെ മുതിര്‍ന്നൊരു നടനെ പ്രസിഡന്റാക്കണം എന്നാണ് ഒരുവിഭാഗം പറയുന്നത്.