കൊച്ചി: താരസംഘടനയായ എഎംഎംഎയും സിനിമാ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിർമ്മാണത്തിന് ഫണ്ട് സ്വരുക്കൂട്ടുന്നതിന്റെ ഭാഗമായി അബുദാബിയില്‍ നടക്കേണ്ട താരനിശയിലേക്ക് താരങ്ങളെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. ഈ തര്‍ക്കം പരിഹരിക്കുകയും എഎംഎംഎയുടെ താരനിശ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടക്കുകയും ചെയ്യും.

ഇന്നലെ കൊച്ചിയില്‍ ഇരുസംഘടനകളുടേയും ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. എന്നാല്‍ പ്രശ്‌നം നേരത്തേ പരിഹരിക്കപ്പെട്ടിരുന്നുവെന്നും അതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കുന്നതിനായാണ് ഞായറാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നതെന്നും എഎംഎംഎ ട്രഷറര്‍ ജഗദീഷ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. താരനിശ നടത്തുന്നത് കേരളത്തിനു വേണ്ടിയാണെന്നും അതിനാല്‍ ആര്‍ക്കും അതില്‍ തര്‍ക്കമില്ലെന്നും ജഗദീഷ് വ്യക്തമാക്കി. നിര്‍മ്മാതാക്കള്‍ നടത്താനിരുന്ന താരനിശ 2019 മാര്‍ച്ചില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

അബുദാബിയില്‍ ഡിസംബര്‍ ഏഴിന് നടക്കുന്ന താരദിശയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് പോകേണ്ടതിനാല്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒമ്പത് വരെ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന് എഎംഎംഎ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിരുന്നു. വാട്‌സ്ആപ്പ് സന്ദേശം വഴിയാണ് ഈ ആവശ്യം അറിയിച്ചത്. എന്നാല്‍ തങ്ങളോടും കൂടി ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണം. ഒപ്പം നിർമ്മാതാക്കളുടെ സംഘടന നടത്താനിരുന്ന താരനിശയോട് താരസംഘടന സഹകരിക്കുന്നില്ലെന്ന ആരോപണവും ഉണ്ടായിരുന്നു.

എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. തീരുമാനം സംബന്ധിച്ച കരാറുകളില്‍ ഇരുസംഘടനകളും ഒപ്പ് വച്ചിട്ടുണ്ട്. താരസംഘടനയ്ക്കു വേണ്ടി ഭാരവാഹികളായ ഇടവേള ബാബു, ജഗദീഷ് എന്നിവരും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കു വേണ്ടി ജി. സുരേഷ്‌കുമാര്‍, എം. രഞ്ജിത്, മണിയന്‍ പിള്ള രാജു, സിയാദ് കോക്കര്‍ എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ