കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരെ നടപടിയെടുക്കുന്ന കാര്യം ചർച്ച ചെയ്യാൻ മമ്മൂട്ടിയുടെ വീട്ടിൽ യോഗം. കൊച്ചി കടവന്ത്രയിലെ മമ്മൂട്ടിയുടെ വസതിയിലാണ് സിനിമ പ്രതിനിധികളുടെ നിർണായക യോഗം നടക്കുന്നത്. സ്ഥലത്ത് പൊലീസ് വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.

അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തിന് ശേഷം ഇന്ന് തന്നെ അമ്മയുടെ യോഗം ചേർന്ന് ദിലീപിനെതിരെ നടപടി പ്രഖ്യാപിച്ചേക്കും. മമ്മൂട്ടിയുടെ വീട്ടിലേക്ക് വനിതാ സംഘടനകളുടെ മാര്‍ച്ചും നടക്കുമെന്നാണ് വിവരം. നേരത്തേ പല ആരോപണങ്ങളും ഉയര്‍ന്നപ്പോഴും ദിലീപിനെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന അമ്മയ്ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയപ്പോഴും സംഘടന മൗനം തുടര്‍ന്നു. നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയപ്പോഴും ‘അമ്മ’യുടെ മക്കളെ വേട്ടയാടാന്‍ സമ്മതിക്കില്ല എന്നാണ് ഗണേഷ്കുമാര്‍ അടക്കമുളളവര്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇന്ന് ദിലീപിനെ തളളിപ്പറഞ്ഞ് ഗണേഷ് രംഗത്തെത്തി. ദിലീപില്‍ നിന്നും പ്രതീക്ഷിക്കാത്തതാണ് നടന്നതെന്നും എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ