കൊല്ലം: തനിക്ക് പറയാനുളളതെല്ലാം പാർട്ടിയോട് പറഞ്ഞോളാമെന്ന് നടൻ മുകേഷ്. ദിലീപിനെ തിരിച്ചെടുക്കാനുളള അമ്മ സംഘടനയുടെ നടപടിയുമായി ബന്ധപ്പെട്ടുയർന്ന വിഷയത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞെങ്കിലും നടനും എംഎൽഎയുമായ മുകേഷ് പ്രതികരിക്കാൻ തയ്യാറായില്ല. വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് കുമാർ എംഎൽഎയും തയ്യാറായിട്ടില്ല.

അതിനിടെ, മുകേഷിനെ ചലച്ചിത്ര അവാർഡ് ചടങ്ങിന്റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ മുകേഷ് വേണ്ടെന്നും ചടങ്ങിന്റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്നും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സംവിധായകൻ ദീപേഷ് അഭിപ്രായപ്പെട്ടു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുക്കാനുളള തീരുമാനത്തെ വിമർശിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയിലെ ഇടത് എംപിയായ ഇന്നസെന്റിനും എംഎൽഎമാരായ മുകേഷിനെയും ഗണേഷ് കുമാറിനെയും വിമർശിച്ച് ഇടത് നേതാക്കൾ തന്നെ രംഗത്തെത്തി. അമ്മ യോഗത്തിൽ എംഎൽഎമാർ സ്വീകരിച്ചത് ഇടതുപക്ഷ നിലപാടല്ലെന്നും അഭിനേതാക്കളുടെ സംഘടനയിൽ രണ്ട് എംഎൽഎമാർ ഉള്ളതു കൊണ്ട് സർക്കാരിന്‍റെ നിലപാടുകളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ