‘അമ്മ’ വിഷയത്തിൽ ഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടില്ല; എംഎൽഎമാരെ തളളി പറയാതെ സിപിഎം

സംഘടനയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ.ബി.ഗണേഷ് കുമാറിനെയും മുകേഷിനെയും വിമർശിച്ച് ഇടതു നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം: അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ എംഎൽഎമാരെ തളളി പറയാതെ സിപിഎം. ഗണേഷ് കുമാറിനോടും മുകേഷിനോടും വിശദീകരണം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു. സംസ്ഥാാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി വാർത്താ കുറിപ്പ് ഇറക്കാനും തീരുമാനിച്ചു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുക്കാനുളള നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. സംഘടനയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ.ബി.ഗണേഷ് കുമാറിനെയും മുകേഷിനെയും വിമർശിച്ച് ഇടതു നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ഇവരിൽ നിന്നും പാർട്ടി വിശദീകരണം തേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ദിലീപിനെ ‘അമ്മ’ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലു പേർ അമ്മയില്‍ നിന്നും രാജി വച്ചത്. ഗീതു മോഹന്‍ദാസ്‌, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംഘടനയിൽ പുറത്തു പോകാനുളള തീരുമാനമെടുത്തത്. ഇവര്‍ മൂന്ന് പേരും ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’ അംഗങ്ങളുമാണ്. വുമൺ ഇൻ സിനിമാ കളക്‌ടീവിന്റെ ഫെയ്‌ബുക്ക് പേജിലൂടെയാണ് നടിമാർ രാജിക്കാര്യം അറിയിച്ചത്.

തനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതിനു മുന്പ് ഈ നടൻ തന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വയ്‌ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്സ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Amma issue cpm support ganesh kumar and mukesh

Next Story
ഭൂമി വിവാദം: വിമത വൈദികർക്കെതിരെ നടപടിക്ക് നീക്കംMar Jacob Manathodath
The moderation of comments is automated and not cleared manually by malayalam.indianexpress.com