തിരുവനന്തപുരം: ലഹരി മരുന്ന് കേസിൽ എൻഫോഴ്‌സ്‌മെന്ര് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ ‘അമ്മ’ എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപി. തിരുവനന്തപുരം കോർപ്പറേഷൻ പൂജപ്പുര വാർഡ് സ്ഥാനാർത്ഥി വി.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.
അമ്മ രാഷ്ട്രീയ സംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതി. എടുത്തു ചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു. നിയമം തീരുമാനിക്കട്ടെ, അതിന് ശേഷം സംഘടന തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read More: ബിനീഷ് കോടിയേരിയോട് ‘അമ്മ’ വിശദീകരണം തേടും; പാർവതിയുടെ രാജി സ്വീകരിച്ചു
യൗവനം മുഴുവനും സിനിമാ വ്യവസായത്തിന് വേണ്ടി സമർപ്പിച്ചതിന് ശേഷം ഒരു പ്രായത്തിലേക്കെത്തുന്നവർക്ക് അന്നത്തിനും മരുന്നിന്നുമുള്ള പണം നൽകുന്ന സംഘടനയാണിത്. അതിനാൽ അത്തരമൊരു സംഘടന നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്കെതിരെ വിവിധ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‍ച നിർവാഹക സമതിയോഗം കൊച്ചിയിൽ ചേര്‍ന്നിരുന്നു. വ്യാഴാഴ്ച ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ബിനീഷിനോട് വിശദീകരണം തേടാൻ തീരുമാനമായതായി സംഘടന അറിയിച്ചു. സംഘടനയിൽ നിന്ന് ബനീഷിനെ പുറത്താക്കണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടതായും എന്നാൽ ഇപ്പോൾ ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സംഘടന എത്തിയതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ഈ മാസം 11ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. 14 ദിവസത്തേക്കാണ് 34-ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതി ബിനീഷിനെ റിമാന്‍ഡ് ചെയ്തത്.
ഈ മാസം 17ന് ബെംഗളൂരു ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നർക്കോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നു. എൻസിബി കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഒക്ടോബര്‍ 29നാണ് ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇ.ഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്.