കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യും. സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെ ഉള്‍പ്പെടുത്തും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക് നല്‍കും തുടങ്ങിയ കാര്യങ്ങളാണ് ഭേദഗതിയില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുകയാണ് ഭരണഘടന ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്.

സുപ്രീം കോടതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഭരണഘടന ഭേദഗതി ചെയ്യുക എന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. ഭരണഘടന ഭേദഗതികള്‍ അടുത്ത ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. ജൂണ്‍ 30 നാണ് ജനറല്‍ ബോഡി യോഗം ചേരുക. താരസംഘടനയായ ‘അമ്മ’ രൂപീകരിച്ചിട്ട് 25 വർഷം പൂർത്തിയാക്കിയ വേളയിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്.

Read Also: താരസംഘടനയായ ‘അമ്മ’യുടെ 25-ാം വാര്‍ഷികം ആഘോഷിച്ചു

സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയില്‍ പ്രത്യേക സംവിധാനം വേണമെന്ന് ‘വുമണ്‍ ഇന്‍ സിനിമe കലക്ടീവ്’ ആവശ്യപ്പെട്ടിരുന്നു. സിനിമe രംഗത്ത് ജോലി ചെയ്യുന്ന വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മീ ടൂ ക്യാംപെയിന്‍ അടക്കം അമ്മയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

താരസംഘടനയായ അമ്മയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, രമ്യ മ്പീശന്‍ തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

‘അമ്മ’യില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ചത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും, തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്‌ക്ക്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.