മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ'(AMMA)യുടെ വാര്‍ഷിക ജനറൽബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു.ഭാരവാഹിസ്ഥാനങ്ങളില്‍ കൂടുതല്‍ വനിതാ പങ്കാളിത്തവും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്ലും ഉറപ്പുവരുത്തുന്ന ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ വച്ചാണ് യോഗം നടക്കുന്നത്. വിമെൻ ഇൻ സിനിമാ കലക്ടീവ് അംഗങ്ങൾ കൂടിയായ പാർവ്വതി, രേവതി തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അമ്മയുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് യോഗം ചർച്ച ചെയ്യുക. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാല് വനിതകളെ ഉൾപ്പെടുത്തുക. വൈസ് പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നൽകുക. സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുക. സുപ്രീംകോടതിയിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചായിരിക്കും ഭേദഗതികൾ എന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തേ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞിരുന്നു.

Read More: അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക്; ഭരണഘടന ഭേദഗതി ചെയ്യും

പ്രസിഡന്റ് മോഹൻലാലിന് പുറമേ മമ്മൂട്ടി, ജയറാം, ഇന്നസെന്റ്, ജനറൽ സെക്രട്ടറി ഇടവേള ബാബു, ട്രഷറർ ജഗദീഷ്, സിദ്ദിഖ്, ബിന്ദു പണിക്കർ, സേതുലക്ഷ്മി, പ്രിയങ്ക, അബു സലീം, അനു സിതാര, ബാബുരാജ്, നാരായണൻ കുട്ടി, കുളപ്പുള്ളി ലീല, രമേഷ് പിഷാരടി, മഞ്ജു പിള്ള, കെ.പി.എ.സി ലളിത, വിജയ് ബാബു, ആസിഫ് അലി, ലെന, ശരത് അപ്പാനി, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ യോഗത്തിൽ പങ്കെടുത്തു.

View this post on Instagram

Amma general body meeting

A post shared by Vijay Babu (@actor_vijaybabu) on

AMMA, അമ്മ, Film Industry, താരസംഘടന, Malayalam Film Industry, മലയാള സിനിമ, WCC, ഡബ്ല്യുസിസി, IE Malayalam, ഐഇ മലയാളം

സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയില്‍ പ്രത്യേക സംവിധാനം വേണമെന്ന് ‘വുമണ്‍ ഇന്‍ സിനിമe കലക്ടീവ്’ ആവശ്യപ്പെട്ടിരുന്നു. സിനിമ രംഗത്ത് ജോലി ചെയ്യുന്ന വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മീ ടൂ ക്യാംപെയിന്‍ അടക്കം അമ്മയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘അമ്മ’യില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ചത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും, തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്‌ക്ക്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുന്നത്.

ചിത്രങ്ങൾക്ക് കടപ്പാട്: നിതിൻ ആർ.കെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.