കൊച്ചി: നടൻ ദിലീപിനെതിരെ അച്ചടക്കനടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് എഎംഎംഎ പ്രസിഡന്‍റ് മോഹൻലാൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജനറൽ ബോഡിയാണെന്നും അദ്ദേഹം സംഘടനയുടെ എക്സിക്യുട്ടീവ് യോഗത്തിൽ അറിയിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിസ്ഥാനത്തുളള ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വുമൺ കളക്ടീവ് ഇൻ സിനിമ പ്രതിനിധികൾ എഎംഎംഎയ്ക്ക് കത്ത് നൽകിയിരുന്നു. ജനറൽ ബോഡിയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ കാത്തിരിക്കാനാണ് മോഹൻലാൽ നടിമാരോട് ആവശ്യപ്പെട്ടത്.

നിയമോപദേശം അനുസരിച്ചാണ് ദിലീപിനെ തിരിച്ചെടുത്തതെന്നാണ് എക്സിക്യുട്ടീവ് യോഗത്തിൽ മോഹൻലാൽ വ്യക്തമാക്കിയത്. എന്നാൽ ജനറൽ ബോഡി എപ്പോൾ വിളിച്ചുചേർക്കാനാകുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത ദിലീപിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഈ മാസം മാത്രം മൂന്നാമത്തെ കത്താണ് നടിമാർ നൽകുന്നത്. തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബലാത്സംഗ കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രേവതി, പദ്മപ്രിയ, പാർവതി എന്നീ അഭിനേതാക്കളാണ് കത്ത് നൽകിയത്.

മുമ്പ് തിലകൻ അടക്കമുള്ള അഭിനേതാക്കൾക്കെതിരെ എക്സിക്യൂട്ടീവ് മാത്രം യോഗം ചേർന്ന് ‘എഎംഎംഎ’ നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ദിലീപ് ഇപ്പോൾ സംഘടനയുടെ ഭാഗമല്ലെന്നും നടിമാരുടെ ആവശ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നുമാണ് അന്നും ഇന്നും ‘എഎംഎംഎ’യുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.