കൊച്ചി: അമ്മ സംഘടനയിലെയും വിമൺ ഇൻ സിനിമാ കളക്ടീവിലെയും അംഗങ്ങളായ നടിമാരുമായി അമ്മ ഭാരവാഹികൾ ചർച്ച നടത്തും. രേവതി, പത്മപ്രിയ, പാർവ്വതി എന്നിവരെ സംഘടന ചർച്ചയ്ക്ക് വിളിച്ചു. അടുത്ത മാസം ഏഴിനാണ് (ഓഗസ്റ്റ് 7) കൊച്ചിയിലാണ് ചർച്ച. വിദേശത്ത് ആയതിനാൽ പാർവ്വതി ചർച്ചയിൽ പങ്കെടുത്തേക്കില്ല. രേവതിയും പത്മപ്രിയയും ആയിരിക്കും ചർച്ചയിൽ പങ്കെടുക്കുക.

ദിലിപീനെ സംഘടനയിലേക്ക് തിരിച്ചെടുത്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്‌ക്ക് കത്തു നല്‍കിയത്. ജൂണ്‍ 24 ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്‌തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചുകൊണ്ടാണ് നടിമാർ അമ്മയ്‌ക്ക് കത്ത് കൈമാറിയത്. ഇതിനു മറുപടിയായി ചര്‍ച്ചയ്‌ക്കു തയ്യാറെന്ന് നടി രേവതിക്കു നല്‍കിയ കത്തിൽ അമ്മ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്.

എന്നാൽ ദിലീപ് സംഘടനയുടെ പുറത്ത് തന്നെയാണെന്നാണ് അമ്മ പ്രസിഡന്ര് മോഹൻലാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. സാങ്കേതികമായും നിയമപരമായും ദിലീപ് അമ്മയിൽ ഇപ്പോൾ ഇല്ല. തിരികെ വരുന്നില്ലെന്ന് ദിലീപ് തന്നെ വ്യക്തമാക്കിയതിനാൽ അംഗത്വം നിലനിൽക്കില്ലെന്നും മോഹൻലാൽ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം ജനറൽ ബോഡി യോഗത്തിൽ ആരും എതിർത്തില്ല. വനിത അംഗങ്ങളടക്കം എല്ലാവരും യോഗത്തിൽ മൗനം പാലിച്ചു. ഒരാളെങ്കിലും എതിർത്തിരുന്നുവെങ്കിൽ തീരുമാനം തിരുത്തുമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ