നടി ആക്രമിക്കപെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താര സംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി ‘വിമന്‍ ഇന്‍ സിനിമ കളക്‌ടീ’വും ‘അമ്മ’യുമായി നടക്കുന്ന അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് അമേരിക്കയില്‍ താരങ്ങളുടെ ചര്‍ച്ച. ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിച്ചു വനിതാ കളക്‌ടീവില്‍ നിന്നും മൂന്ന് അംഗങ്ങള്‍ (റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍) രാജിവച്ച സാഹചര്യത്തില്‍ നടി മഞ്ജു വാര്യര്‍ ഉള്‍പ്പടെ വനിതാ കളക്‌ടീവിന്റെ ഭാഗമായ ‘അമ്മ’ അംഗങ്ങളുടെ നിലപാട് പ്രസക്തമാകുന്നു.
ഇവിടെ ഇങ്ങനെയൊരു പ്രധാനപെട്ട നീക്കം നടക്കുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കാതെ മഞ്ജു വാര്യര്‍ വിദേശത്തേക്ക് പോയത് പല വിധത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. വനിതാ കളക്‌ടീവില്‍ നിന്നും മഞ്ജു രാജി വച്ചു എന്നും ഇല്ല എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനെക്കുറിച്ച് വനിതാ കളക്‌ടീവ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കയില്‍ നടക്കുന്ന നാഫാ അവാര്‍ഡുകള്‍ക്കായി താരങ്ങളില്‍ പലരും ന്യൂയോര്‍ക്ക് നഗരത്തില്‍ എത്തിയിട്ടുണ്ട്. ഇവിടെ വച്ചാകും മഞ്ജു തന്റെ തീരുമാനം സഹപ്രവര്‍ത്തകരെ അറിയിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. വനിതാ കളക്‌ടീവ് അംഗമായ പാര്‍വ്വതി തിരുവോത്താകും മഞ്ജുവിനോട് സംസാരിക്കുക. റിമ കല്ലിങ്കലും നാഫാ അവാര്‍ഡുമായി ബന്ധപ്പെട്ടു അമേരിക്കയില്‍ എത്തും എന്നാണു വിവരം. അമ്മയില്‍ നിന്നും രാജി വയ്‌ക്കാത്ത വനിതാ കളക്‌ടീവ് അംഗങ്ങള്‍ അമ്മയുമായി സമവായ ചര്‍ച്ച നടത്തുമെന്നും അറിയാന്‍ കഴിയുന്നു. ഇതിനായി മഞ്ജു വാര്യര്‍ തന്നെ മുന്‍കൈയെടുത്ത് മോഹന്‍ലാലുമായി സംസാരിച്ചതായും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വനിതാ കളക്‌ടീവിലെ എല്ലാവരും ‘അമ്മ’ സംഘടനയിൽ നിന്നും രാജി വയ്‌ക്കാതിരുന്നതും ഈ ആശയ വിനിമയങ്ങൾ നടത്തുന്നതിനായുള്ള സാഹചര്യം ഒരുക്കാനായിട്ടാണ് എന്നാണ് വനിതാ കളക്‌ടീവ് വക്താക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും വ്യക്തമാകുന്നത്.
നടി ആക്രമണ കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുക്കാനുളള ‘അമ്മ’യുടെ തീരുമാനത്തെ തുടർന്നാണ് സംഘടനയ്‌ക്കുളളിൽ പെൺപ്രതിഷേധ ശബ്‌ദം മുഴങ്ങിയത്. വനിതാ കളക്‌ടീവില്‍ കൂടി അംഗങ്ങളായ നാല് പേർ ‘അമ്മ’യിൽ നിന്നും രാജി വച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഇവരുടെ രാജിയോടെ വിവിധ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക മേഖലകളിലുളളവരും യുവജന സംഘടനകളും രാജിവച്ചവർക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്‌തിരുന്നു.
സിനിമാ ലോകത്തെ മാത്രമല്ല, പൊതുസമൂഹത്തെയും ഞെട്ടിച്ചതായിരുന്ന കഴിഞ്ഞ വർഷം യുവനടിക്കെതിരെ കൊച്ചിയിൽ നടന്ന ക്രൂരമായ ക്വട്ടേഷൻ ആക്രമണം. ഈ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ദിലീപിനെ ‘അമ്മ’യിൽ നിന്നും പുറത്താക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഞായറാഴ്‌ച നടന്ന പൊതുയോഗത്തിൽ വളരെ നാടകീയമായി ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുളള തീരുമാനമാണ് പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്.