കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് കിട്ടിയ തിരിച്ചടിയാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ അറസ്റ്റ്. നടിയെ ആക്രമിച്ച കേസിനു പിന്നാലെ നടന്ന അമ്മയുടെ ജനറൽ ബോഡിയിലും ശേഷം നടന്ന വാർത്താ സമ്മേളനത്തിലും ദിലീപിനെ പിന്തുണയ്ക്കുകയും മാധ്യമപ്രവർത്തരെ അവഹേളിക്കുകയും ചെയ്ത അമ്മയുടെ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.

അമ്മ ഭാരവാഹികളും എംഎൽഎമാരുമായ മുകേഷിന്റെയും കെബി ഗണേഷ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു മാധ്യമ പ്രവർത്തകർക്ക് നേരെ രൂക്ഷമായി രീതിയിൽ പ്രതികരിച്ചത്. ഇതിനെതിരെ രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നും രൂക്ഷമായ വിമർശനമായിരുന്നു ഉയർന്നിരുന്നത്. ജനപ്രതിനിധികൾ കൂടിയായ ഇരുവരുടെയും പ്രസ്താവനകൾക്കെതിരെ പാർട്ടി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു.

പത്രസമ്മേളനത്തിൽ നടന്മാരും ഇടത് എംഎൽഎമാരുമായ മുകേഷും ഗണേശ്‌കുമാറും ഇന്നസെന്റും ആണ് കാര്യമായി സംസാരിച്ചത്. രണ്ടുപേരും അമ്മയുടെ മക്കളാണെന്നും ഈ വിഷയത്തിൽ ആരുടേയും പക്ഷം പിടിക്കില്ലെന്നും പറഞ്ഞ് ഇന്നസെന്റ് പത്രസമ്മേളനം അവസാനിപ്പിക്കുന്നുവെന്ന മട്ടിൽ എഴുന്നേൽക്കുകയായിരുന്നു. എന്നാൽ, അതിന് പിന്നാലെ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും നടനെ ഇതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തതിലും എന്താണ് അമ്മയുടെ നിലപാടെന്നും ഇക്കാര്യം എത്രത്തോളം ചർച്ചചെയ്തുവെന്നുമെല്ലാമുള്ള ചോദ്യങ്ങളുയർത്തി പത്രലേഖകർ എഴുന്നേറ്റു.

ഇതോടെ ഇന്നസെന്റിന് കാര്യങ്ങൾ വിശദീകരിക്കാനാവാത്ത സ്ഥിതിയായി. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ അമ്മയിലെ അംഗങ്ങളായ ദിലീപും സലീംകുമാറും അജുവർഗീസും ഉൾപ്പെടെയുള്ളവർ അപമാനിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടും അവർക്കെതിരെ ഒരു നിലപാടും സ്വീകരിക്കാതെ സംഘടന രണ്ടുപേരും അമ്മയുടെ മക്കളാണെന്ന് പറഞ്ഞ് നിലകൊണ്ടതാണ് ചോദ്യംചെയ്യപ്പെട്ടത്.

എന്നാൽ ഇതിന് എന്തു മറുപടി നൽകണമെന്ന് അറിയാതെ ഇന്നസെന്റ് കുഴങ്ങി. ഇതോടെയാണ് കാര്യങ്ങൾ ഏറ്റെടുത്ത് ഗണേശ്‌കുമാറും മുകേഷും രംഗത്തെത്തുന്നത്. ജനറൽ ബോഡി യോഗം തുടങ്ങുന്നതിന് മുമ്പ് വേണ്ടിവന്നാൽ താൻതന്നെ നടിയുടെ വിഷയം ഉന്നയിക്കുമെന്നും എല്ലാ കാര്യങ്ങളും വിശദമായി ചർച്ചചെയ്യുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയാണ് ഗണേശ് കുമാർ യോഗത്തിന് കയറിയത്. എന്നാൽ തിരിച്ചിറങ്ങി പത്രസമ്മേളനത്തിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ നടനെ പൂർണമായും പിന്തുണയ്ക്കുന്ന നിലപാടാണ് ഗണേശും സ്വീകരിച്ചതെന്നതും ചർച്ചയായി മാറി.

നടിയെ അല്ല, മറിച്ച് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യപ്പെടുന്ന നടൻ ദിലീപിനെയാണ് തങ്ങൾ സംരക്ഷിക്കുന്നതെന്ന് ശരീരഭാഷയിലൂടേയും വാക്കുകളിലൂടെയും പ്രകടമാക്കുകയായിരുന്നു മുകേഷും ഗണേശ്‌കുമാറും ഇന്നസെന്റും ഉൾപ്പെടെയുള്ളവർ. അതേസമയം, പത്രസമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നടന്മാരായ മമ്മുട്ടിയും മോഹൻലാലും നിശബ്ദരായി നിലകൊള്ളുകയും ചെയ്തതും ചർച്ചയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ പൾസർസുനി മുമ്പ് ഏറെക്കാലം നടൻ മുകേഷിന്റെ ഡ്രൈവറായിരുന്നു.

നടൻ ദിലീപിന് പൂർണപിന്തുണ പ്രഖ്യാപിച്ചപ്പോഴും നടിയെ മോശം പരാമർശങ്ങളിലൂടെ സംഘടനാ അംഗങ്ങൾ തന്നെ അപമാനിച്ച കാര്യത്തിൽ ഒരു നിലപാടും എടുക്കാത്ത നടന്മാരാണ് മാധ്യമങ്ങൾ ദിലീപിനെ ആക്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തി രോഷപ്രകടനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതും ദിലീപിനെതിരെ ഉണ്ടായ ബ്ലാക്ക് മെയിൽ ഭീഷണിയും സംബന്ധിച്ച ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകർ ഉന്നയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.