/indian-express-malayalam/media/media_files/uploads/2017/10/amit-shah.jpg)
പയ്യന്നൂർ (കണ്ണൂർ): കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതങ്ങൾക്ക് ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആരോപിച്ചു.
"ചുവപ്പ് ഭീകരത'യ്ക്കെതിരെ, "ജിഹാദി ഭീകരത"യ്ക്കെതിരെ എന്ന പേരിൽ ബിജെപി നടത്തുന്ന "ജനരക്ഷാ യാത്ര" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും. നാളെ മുതൽ പതിനേഴ് വരെ ഡൽഹിയിലെ എകെജി ഭവനിലേയ്ക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും യുവമോർച്ച പ്രതിഷേധം സംഘടിപ്പിക്കും.
കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കണ്ണുംനട്ട് ബിജെപി നടത്തുന്ന പദയാത്രയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. 154 കിലോമീറ്റർ ദൂരമാണ് യാത്ര. കേരളത്തിലെ പതിനൊന്ന് ജില്ലകളിലൂടെ ജാഥ കടന്നുപോകും. ഒക്ടോബർ പതിനാറിന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ മുഴുവൻ ശക്തിയും പ്രകടിപ്പിക്കാനാണ് ബിജെപി തീരുമാനം.
അമിത് ഷാ ഇന്ന് കണ്ണൂരിൽ ഏഴ് കിലോമീറ്റർ ദൂരം പദയാത്രയിൽ നടക്കും. വ്യാഴാഴ്ച വീണ്ടും ജാഥയിൽ ചേരുകയും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനൊപ്പം എട്ട് കിലോമീറ്റർ ദൂരം നടക്കുകയും ചെയ്യും. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, മഹേഷ് ശർമ, മനോജ് സിൻഹ, അർജുൻ മെഹ്‌വാൾ, ബാബുൽ സുപ്രിയോ എന്നിവർ വരുന്ന 13 ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ജാഥയുടെ ഭാഗമാകും.
വിപ്ലവ രാഷ്ട്രീയത്തിന്രെയും സ്വാതന്ത്ര്യ സമര പോരാട്ടവീര്യത്തിന്രെയും ചരിത്രമുറങ്ങുന്ന പയ്യുന്നൂരിലെ മണ്ണിൽ നിന്നുമാണ് ബിജെപി കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യം വച്ചുളള കരുനീക്കം നടത്തുന്നത്. എല്ലാ പ്രാസംഗികരും ആവർത്തിച്ചത് സംസ്ഥാനത്തെ ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ കുറിച്ചുളള കഥകളായിരുന്നു. സിപിഎം അക്രമത്തെ വിശദീകരിക്കാനായി രക്തം പുരണ്ട അക്രമ ചിത്രങ്ങളുടെ പ്രദർശനവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ സ്റ്റേജിന്രെ ഇടത് വശത്ത് പ്രദർശിപ്പിച്ചു.
കേരളത്തിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ചില ഇടച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട സഖ്യകക്ഷിയായ ബിഡിജെഎസ്സിനെ വേദിയിലെത്തിക്കാൻ അവർക്ക് സാധിച്ചു. അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ ബിഡിജെഎസ് ഒപ്പമുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി സുബാഷ് വാസു പറഞ്ഞു.
പയ്യന്നൂരിൽ നിന്നും ലിസ് മാത്യുവിന്രെ റിപ്പോർട്ടോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.