മലപ്പുറം: ബിജെപി അധ്യക്ഷൻ അമിത്​ ഷായുടെ സന്ദർശനം വർഗീയ കലാപമുണ്ടാക്കാൻ ലക്ഷ്യമി​ട്ടാണെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്​. അമിത്​ ഷാ സന്ദർശിച്ചിടത്തെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ട്​. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള അമിത്​ ഷായുടെ തന്ത്രം ​കേരളത്തിൽ വിലപ്പോകില്ലെന്നും ബിജെപിയുടെ നീക്കത്തിനെതിരെ മുസ്​ലിം ലീഗി​ന്റെ നേതൃത്വത്തിൽ കൂട്ടായ്​മ രംഗത്ത്​ രൂപീകരിക്കുമെന്നും കെപിഎ മജീദ്​ അവകാശപ്പെട്ടു. മുസ്‍ലീം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതിക്ക് മുന്നോടിയായിട്ടായിരുന്നു കെപിഎ മജീദിന്റെ പ്രതികരണം.

കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. അമിത് ഷാ പോയ സ്ഥലത്തൊക്കെ വര്‍ഗീയ കലാപമുണ്ടാക്കുകയാണ് ചെയ്തത്. കേരളത്തിലും അടുത്തിടെ അത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. കേരളം കരുതിയിരിക്കണമെന്നും മജീദ് പറഞ്ഞു. മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ബിജെപി അധ്യക്ഷന്‍ ഇന്ന് മടങ്ങും.

മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാന സർക്കാറി​​ന്റെ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു. മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീരുമാനം അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും മജീദ് വ്യക്തമാക്കി. മദ്യ ഒഴുക്ക് ലക്ഷ്യമിട്ടാണ് അധികാരം എടുത്തുകളയുന്നതെന്നും മജീദ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ