തിരുവനന്തപുരം:  ബിജെപി ദേശീയ അധ്യഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കണ്ണൂരിൽ ബിജെപിയുടെ ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായാണ് ദേശീയ അദ്ധ്യക്ഷന്റെ വരവ്.

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് കടുപ്പിച്ചതോടെ പ്രതിഷേധം അയഞ്ഞ മട്ടിലാണ്. ഈ സാഹചര്യത്തിൽ ബിജെപിയുടെ ഭാവി പ്രതിഷേധ പരിപാടികൾ സംബന്ധിച്ച് അമിത് ഷാ വരുന്നതോടെ തീരുമാനമാകും.

ബിജെപിയുടെ ദേശീയ നിലപാടും, സംസ്ഥാന നിലപാടും ഭിന്നമായതിനാൽ വിഷയത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അമിത് ഷാ എത്തുന്നതോടെ ഇതിൽ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.

മഞ്ചേശ്വരത്ത് പിബി അബ്ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, കെ സുരേന്ദ്രൻ നൽകിയ ഹർജിയിൽ തീരുമാനം ഉണ്ടാകണം. ഉപതിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കേസുമായി മുന്നോട്ട് പോകണോയെന്ന് കോടതി, കെ സുരേന്ദ്രനോട് ചോദിച്ചിരുന്നു.

ജനരക്ഷാ യാത്രക്കിടെ പിണറായിയിൽ കൊല്ലപ്പെട്ട രമിത്തിന്റെ വീട് സന്ദർശിക്കാൻ അമിത് ഷായ്ക്ക് സാധിച്ചിരുന്നില്ല. സിപിഎം ഹർത്താൽ ആഹ്വാനം ചെയ്തതോടെയായിരുന്നു ഇത്. പിന്നീട്  സിപിഎം അമിത് ഷാ സന്ദർശിക്കാതിരുന്നതിനെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. ഈ സന്ദർശനം ഇക്കുറി അമിത് ഷാ പൂർത്തിയാക്കും.

കേരളത്തിൽ രാഷ്ട്രീയരംഗത്ത് കൂടുതൽ പേരെ പാർട്ടിയിലേക്ക് എത്തിക്കാനുളള ശ്രമങ്ങളും സജീവമാണ്. ശിവഗിരി അദ്വൈതാശ്രമം  സന്ദർശനം കഴിഞ്ഞ് നാളെയാണ് അമിത് ഷാ തിരികെ പോവുന്നത്. ഇതിന് മുൻപ് പ്രമുഖരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് വിവരം. ശബരിമല പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇത് നേട്ടമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook