തിരുവനന്തപുരം: ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോഴൊക്കെ സംഘപരിവാറിനുനേരെ ആക്രമണങ്ങൾ നടക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് കൊലപാതകങ്ങൾ കൂടുതലെന്നത് ലജ്ജാകരം. എത്ര അടിച്ചമർത്തിയാലും ബിജെപി ഉയർന്നുവരും. സംസ്ഥാന കാര്യാലയത്തിന്റെ മാത്രമല്ല, സർക്കാർ രൂപീകരണത്തിനു കൂടിയാണ് ശിലയിട്ടത്. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരികതന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് മടങ്ങും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രത്യേക കർമപദ്ധതിക്ക് രൂപം നല്‍കിയാകും ഷാ മടങ്ങുക.

കേരളത്തിൽ പാർട്ടി വിജയിച്ചു തുടങ്ങിയില്ലെങ്കിൽ സംസ്ഥാനനേതാക്കൾ ഭവിഷ്യത്ത് അനുഭവിക്കുമെന്നു അമിത് ഷായുടെ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപിക്ക് ഇവിടെ സീറ്റ് നേടാൻ കഴിയില്ലെന്നതു മിഥ്യാധാരണയാണെന്നും സംസ്ഥാനഭാരവാഹിയോഗത്തിൽ അമിത് ഷാ തുറന്നടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ