കണ്ണൂർ: പിണറായി വഴിയുളള ബിജെപിയുടെ ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തില്ല. വൈകിട്ട് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കില്ല. ഡൽഹിയിൽതന്നെ അമിത് ഷാ തുടരുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തുടരാൻ അമിത് ഷായോട് നിർദേശിച്ചതാണ് കാരണമെന്നാണ് സൂചന.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര മൂന്നാം ദിവസമായ ഇന്നു പിണറായി വിജയന്റെ മണ്ഡലമായ പിണറായി വഴിയാണ് കടന്നുപോകുന്നത്. പദയാത്രയിൽ അമിത് ഷാ പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാവിലെ 10 ന് മമ്പറത്ത് നിന്നാരംഭിക്കുന്ന പദയാത്ര വൈരുന്നേരം തലശേരിയിലാണ് സമാപിക്കുക. വൈകുന്നേരം തലശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം നടക്കും. പൊതുയോഗത്തിൽ അമിത് ഷാ അണികളെ അഭിസംബോധന ചെയ്യുമെന്നും നേരത്തെ അറിയിച്ചിരുന്നു. പക്ഷേ പൊതുയോഗത്തിലും അമിത് ഷാ പങ്കെടുക്കില്ലെന്നാണ് സൂചന.

ഇന്നലെ കീച്ചേരിമുതൽ കണ്ണൂർ ടൗൺവരെ നടന്ന പദയാത്രയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. നാളെ പാനൂർ മുതൽ കൂത്തുപറമ്പ് വരെ നടക്കുന്ന പദയാത്രയോടെ ജനരക്ഷായാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ