കണ്ണൂര്‍: ബിജെപി നേതാക്കളുടെ കേരള സന്ദര്‍ശനങ്ങള്‍ അവരുടെ പ്രസ്താവനകള്‍ കൊണ്ട് മാത്രമല്ല പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്. ഉത്തരേന്ത്യയില്‍ നിന്നും മറ്റും വരുന്ന നേതാക്കളുടെ ഹിന്ദിയിലുള്ള പ്രസംഗം തര്‍ജ്ജമ ചെയ്യാനെത്തുന്ന കേരളത്തിലെ നേതാക്കളുടെ വാചക കസര്‍ത്തും പലപ്പോഴും ബിജെപിയ്ക്ക് തലവേദനയാകാറുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുള്ളവര്‍ കേരള നേതാക്കളുടെ തര്‍ജ്ജമയില്‍ വലഞ്ഞിട്ടുണ്ട്. ആ പട്ടികയിലേക്ക് അവസാന എന്‍ട്രിയാണ് ശനിയാഴ്ച കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായാണ് അമിത് ഷാ ശനിയാഴ്ച കേരളത്തിലെത്തിയത്. പിന്നാലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സംഭവമുണ്ടായത്. ബിജെപിയുടെ കണ്ണൂര്‍ ജില്ലയിലെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തില്‍ പിണറായി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ അമിത് ഷായുടെ വാക്കുകളാണ് തര്‍ജ്ജമ ചെയ്തയാള്‍ തെറ്റിച്ചത്.

മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരനായിരുന്നു തര്‍ജ്ജമ ചെയ്തത്. ‘സ്‌പെഷ്യല്‍ പൊലീസ് എന്ന പേരില്‍ 1500 ല്‍ പരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് ഇറക്കിയത്. ഈ അടിച്ചമര്‍ത്തല്‍ നിര്‍ത്തിയില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ ശക്തമായ മറുപടി തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്,’ എന്ന അമിത് ഷായുടെ വാക്കുകള്‍ മുരളീധരന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍, “വേണമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടു” മെന്നായി മാറി. പിന്നാലെ ഈ വാക്കുകള്‍ വാര്‍ത്തകയാവുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുകയും ചെയ്തു.

2015 ല്‍ പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്തിരുന്നത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനായിരുന്നു. അന്ന് മോദിയുടെ വാക്കുകള്‍ സുരേന്ദ്രന്‍ തെറ്റായി തര്‍ജ്ജമ ചെയ്യുകയുണ്ടായി. തർജ്ജമ ശരിയല്ലെന്ന് തിരിച്ചറിഞ്ഞ്, മോദി തന്നെ സുരേന്ദ്രനെ മാറ്റുകയായിരുന്നു. അന്ന് പകരക്കാരനായി എത്തിയത് മുരളീധരനായിരുന്നു. ആ മുരളീധരനാണ് ഇന്നിപ്പോള്‍ അമിത് ഷായുടെ പ്രസംഗം തെറ്റായി തര്‍ജ്ജമ ചെയ്തത്.

ഇതുപോലെ തര്‍ജ്ജമയില്‍ കുടുങ്ങിയ മറ്റൊരു ബിജെപി നേതാവും, ഇപ്പോൾ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവാണ്. കേന്ദ്ര മന്ത്രിയായിരിക്കെ 2017 ല്‍ വെങ്കയ്യ നായിഡു കേരള സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് തന്റെ പ്രസംഗം തെറ്റായി തര്‍ജ്ജമ ചെയ്ത ആളെ മാറ്റി അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. തര്‍ജ്ജമയില്ലാതെ തന്നെയാണ് അദ്ദേഹം പിന്നീട് സംസാരിച്ചത്.

ഇങ്ങനെ തര്‍ജ്ജമയില്‍ തെറ്റുന്നത് ബിജെപി ഒരു ശീലമാക്കി മാറ്റിയത് പോലെയാണ്. ഇത്തരം തെറ്റുകളേയും പിഴവുകളേയും നോക്കിയിരിക്കുന്ന സോഷ്യല്‍ മീഡിയ ഇതിനെയെല്ലാം കണക്കിന് ട്രോളുന്നുമുണ്ട്. തര്‍ജ്ജമ ചെയ്യാനറിയുന്നവരെ ഡല്‍ഹിയില്‍ നിന്നും കൊണ്ടു വരേണ്ട അവസ്ഥയാണോ ബിജെപിയ്ക്ക് എന്നാണ് സോഷ്യല്‍ മീഡിയയും മറ്റും ചോദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.