കണ്ണൂർ: ഉദ്ഘാടനത്തിന് മുന്നേ കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ചരിത്രം കുറിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ആദ്യത്തെ യാത്രക്കാരനായി ഇതോടെ അമിത് ഷാ മാറി.

 

ചാർട്ടേഡ് വിമാനത്തിൽ ഇന്ന് 11.35 ഓടെയാണ് അമിത് ഷാ വിമാനമിറങ്ങിയത്. നൂറ് കണക്കിന് ബിജെപി പ്രവർത്തകർ അമിത് ഷാ യെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. നിശ്ചയിച്ചതിലും വളരെയേറെ വൈകിയാണ് വിമാനം ഇറങ്ങിയത്.

കണ്ണൂരിൽ ബിജെപി ജില്ല കമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് ഇന്ന് രാവിലെ പത്ത് മണിക്കാണ്. 10.30 യോടെ അമിത് ഷാ ഇവിടേക്ക് എത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ വിമാനം ലാന്റ് ചെയ്യാൻ വളരെയേറെ താമസിച്ചു.

അമിത് ഷാ ഇന്ന് കേരളത്തിൽ; പ്രത്യേക വിമാനം കണ്ണൂരിൽ ഇറങ്ങും

വിമാനമിറങ്ങിയ അമിത് ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം നേരെ പോയത് പിണറായിയിലേക്കാണ്. പിണറായിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ  ഉത്തമന്റെയും മകൻ രമിത്തിന്റെയും വീട് സന്ദർശിച്ച ശേഷം അമിത് ഷാ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് മൂന്നിന് ഹെലികോപ്റ്ററിലാണ് അദ്ദേഹം ശിവഗിരിയിലെത്തുക.

ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യതിപൂജ–മണ്ഡലപൂജാ സമ്മേളനത്തിനാണ് അമിത് ഷാ ശിവഗിരിയിൽ എത്തുന്നത്. വൈകിട്ട് നാലിന് അമിത് ഷാ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ്  സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണു മുഖ്യാതിഥി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.