വിവാദങ്ങളില്‍ കേരള പൊലീസ്; മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലും പൊലീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം. എസ്എച്ച്ഒമാര്‍ മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലും പൊലീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിശ്ചായ വര്‍ധിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കിയേക്കും. മോന്‍സണുമായുള്ള വിവാദങ്ങളില്‍ പൊലീസ് മേധാവി വിശദീകരണം നടത്തിയേക്കും. പൊലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ളവയും യോഗത്തില്‍ ചര്‍ച്ചയായേക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ യോഗമാണിത്.

മോന്‍സണ്‍ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. പീഡനക്കേസില്‍ മോന്‍സണ്‍ ഇടപെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല എന്ന് പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിരുന്നു. കേരള പൊലീസ് ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുമ്പോഴാണ് യോഗം.

ലോക്ക്ഡൗണിന്റെ അവസാനഘട്ടത്തിലും പൊലീസ് രൂക്ഷമായ വിമര്‍ശനം നേരിട്ടിരുന്നു. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉണ്ടായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തിയ തരത്തിലായിരുന്നു പൊലീസ് നടപടികളെന്നും വിലയിരുത്തലുണ്ടായി.

Also Read: മഴ തുടരുന്നു; വടക്കന്‍ കേരളത്തില്‍ നാശനഷ്ടം; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Amid controversies kerala police meeting called by cm today

Next Story
വ്യാഴാഴ്ച വരെ കനത്ത മഴ തുടരും; പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ ഓറഞ്ച് അലർട്ട്, ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Rain, Monsoon
The moderation of comments is automated and not cleared manually by malayalam.indianexpress.com
X