ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി. ശബരിമലക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അവസാന ദിവസം കോടതിയിൽ വാദിച്ചു. അതേസമയം അമിക്കസ് ക്യുറി സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിർത്താണ് നിലപാട് എടുത്തത്.

കേസിൽ എല്ലാ കക്ഷിക്കാരോടും വാദങ്ങൾ രേഖാമൂലം സമര്‍പ്പക്കാൻ കോടതി ആവശ്യപ്പെട്ടു. ഹിന്ദുവിശ്വാസം തന്നെയാണ് ശബരിമലയിൽ പിന്തുടരുന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്.  അതിനാൽ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാനാകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ക്ഷേത്ര പ്രവേശന ചട്ടത്തിൽ സ്ത്രീകൾക്കെതിരെയുള്ള ഭാഗം ഒഴിവാക്കി മാറ്റിവായിച്ചാൽ മതിയെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞെങ്കിലും ഇത്  പ്രായോഗികമല്ലെന്ന് ജസ്റ്റിസ് നരിമാൻ മറുപടി നൽകി.

കേസിൽ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തായിരുന്നു ആൾദൈവം ഓം ബാബ വാദിച്ചത്. അഭിഭാഷകനെ ആശ്രയിക്കാതെ നേരിട്ടായിരുന്നു വാദം. എന്നാൽ വാദത്തിനിടെ ശബ്ദമുയർത്തി സംസാരിച്ചതിന് ആൾദൈവത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കോടതിയിൽ നിന്ന്  ഇറക്കിവിട്ടു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി. ആചാരങ്ങളേയും വിശ്വാസങ്ങളേയും കോടതി മാനിക്കണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ നിലപാട്. ശബരിമലയില്‍ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതുപോലെ തുടരണമെന്നും അമിക്കസ് ക്യൂറിയായ രാമ മൂര്‍ത്തി.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ്‌ക്യൂറിയായ കെ.രാമമൂര്‍ത്തി തന്റെ നിലപാട് അറിയിച്ചത്.

ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ലെന്നാണ് അദ്ദേഹം പറയുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗമാണെന്നും അമിക്കസ്‌ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, നേരത്തെ മറ്റൊരു അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രന്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ മാറ്റുന്നത് രാഷ്ട്രീയ സമ്മര്‍ദം കൊണ്ടാണെന്ന് കെ.രാമമൂര്‍ത്തി ആരോപിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ വച്ച് മതവിശ്വാസം പരിശോധിക്കപ്പെടരുത്. യഹോവ സാക്ഷികളുടെ ദേശീയ ഗാന കേസില്‍ ഇക്കാര്യം സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. യഹോവ സാക്ഷികള്‍ ദേശീയഗാനം ആലപിക്കേണ്ടതില്ലെന്ന് കോടതി വിധിച്ച കാര്യം രാമമൂര്‍ത്തി ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.