Rebuilding Kerala:തൊടുപുഴ: കനത്തമഴയും വെള്ളപ്പൊക്കവും തകർത്ത കേരളത്തിൽ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് പഠിക്കാന്‍ അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനില്‍ നിന്നുള്ള (എന്‍എസ്എഫ്) രണ്ട് ശാസ്ത്രജ്ഞര്‍ അടുത്തമാസം കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും.
സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ കേരളത്തില്‍ തങ്ങുന്ന സംഘം സംസ്ഥാനത്തെ ഉരുള്‍പൊട്ടലുകളുണ്ടായ മേഖലകളും വെള്ളപ്പൊക്ക ബാധിത മേഖലകളും സന്ദര്‍ശിച്ചായിരിക്കും പഠനം നടത്തുക. കേരള സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സജിന്‍ കുമാറിന്റെ നേതൃത്വത്തിലാണ് ശാസ്ത്ര സംഘം പഠനം നടത്തുക.
Rebuilding Kerala: മിഷിഗണ്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. തോമസ് ഉമ്മന്‍, യൂണിവേഴ്‌സിറ്റി ഓഫ് അര്‍ക്കാന്‍സാസിലെ പ്രൊഫസറായ ഡോ. റിക് കോഫ്മാന്‍ എന്നിവരാണ് നാഷണല്‍ സയന്‍സ് ഫെഡറേഷനെ പ്രതിനിധീകരിച്ച് കേരളത്തിലെത്തുക.
ഏത് സാഹചര്യത്തിലാണ് കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതെന്നും വന്‍ ദുരന്തങ്ങള്‍ക്കു കാരണമായ ഉരുള്‍പൊട്ടലുകള്‍ എങ്ങിനെയാണ് സംഭവിച്ചതെന്നതും സംബന്ധിച്ചായിരിക്കും സംഘം പഠനം നടത്തുകയെന്ന് ഡോ.സജിന്‍കുമാര്‍ പറഞ്ഞു. ഒന്‍പതിന് തിരിച്ചു പോകുന്ന സംഘം ഒരു മാസത്തിനുള്ളില്‍ നാഷണല്‍ സയന്‍സ് ഫെഡറേഷന് കേരളത്തിലെ പ്രളയം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.
പ്രാഥമിക പഠനം നടത്തുന്ന സംഘം വിശദമായ പഠനവും ആവശ്യമെങ്കില്‍ നടത്തും. കേരളത്തിലെ ശാസ്ത്ര സംഘത്തോടൊപ്പം സഞ്ചരിക്കുന്ന ഡോ.സജിന്‍കുമാര്‍ കേരളത്തിലെ പ്രളയസഹാചര്യത്തെക്കുറിച്ചും ഉരുള്‍പൊട്ടലുകളെക്കുറിച്ചും ശാസ്ത്ര സംഘത്തിന് വിവരങ്ങള്‍ കൈമാറും.
കേരളത്തെ മുക്കിയ വന്‍ പ്രളയത്തില്‍ ഇടുക്കി ജില്ലയില്‍ മാത്രം ഉരുള്‍പൊട്ടലുകളില്‍ മരിച്ചത് 42 പേരാണ്. എട്ടുപേരെ ഉരുള്‍പൊട്ടലുകളില്‍പ്പെട്ടു കാണാതായിട്ടുമുണ്ട്. കനത്തമഴയില്‍ ഇടുക്കി ജില്ലയില്‍മാത്രം നൂറോളം ഉരുള്‍പൊട്ടലുകളുണ്ടായതായാണ് കണക്ക്. തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകളെത്തുടര്‍ന്ന് ഇടുക്കി, വയനാട് ജില്ലകള്‍ ഒറ്റപ്പെട്ടിരുന്നു.