കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഹൈക്കോടതിയിൽ വേറിട്ടൊരു ഹർജി. കോവിഡ് മഹാമാരിയുടെ കാലത്ത് കേരളത്തിൽ തന്നെ തുടരാൻ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പൗരൻ ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിൽ നിന്നാൽ മതിയെന്നും അമേരിക്കയിലേക്ക് ഇപ്പോൾ പോകേണ്ടെന്നും യുഎസ് പൗരനായ ടെറി ജോൺ കൺവേഴ്‌സാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളം; ആദ്യ ട്രെയിൻ ഇന്ന് വെെകീട്ട്

ടൂറിസ്റ്റ് വിസയിലാണ് ടെറി കേരളത്തിൽ എത്തിയത്. തന്റെ വിസ കാലാവധി നീട്ടി നൽകണമെന്നാണ് ടെറിയുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം. കേരളത്തിലാണ് കൂടുതൽ സുരക്ഷിതത്വമെന്ന് ടെറി പറയുന്നു. ആരോഗ്യവും നിലവിലെ കോവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് ആറ് മാസത്തേക്ക് കൂടി വിസ കാലാവധി നീട്ടിത്തരണമെന്ന് ടെറി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

Read Also: സംസ്ഥാനത്ത് പൊതുഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല: ചീഫ് സെക്രട്ടറി

കോവിഡ് പ്രതിരോധത്തിൽ കേരളത്തിനു കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടെന്ന് ടെറി പറയുന്നു. അമേരിക്കയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ വൈകിയാണ് ആരംഭിച്ചതെന്നും കാര്യങ്ങൾ കൃത്യമായല്ല ഇപ്പോൾ നടക്കുന്നതെന്നും ടെറി പറയുന്നു. കോവിഡ് വൈറസ് പ്രതിരോധത്തില്‍ അമേരിക്കയേക്കാള്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തമാണ് ഇന്ത്യയില്‍ നടക്കുന്നതന്നും അതില്‍ രാജ്യം വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പൊതുവിലും കേരളം പ്രത്യേകിച്ചും വളരെ മികച്ച രീതിയില്‍ കോവിഡ്  പ്രതിരോധം നടപ്പാക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ജനങ്ങളെ കൃത്യമായി ബോധവത്കരിക്കുന്നുണ്ടെന്നും കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്നുണ്ടെന്നും ടെറി വ്യക്തമാക്കി.

Read Also: തകർന്നടിഞ്ഞ് വാഹന വിപണിയും; ഏപ്രിൽ മാസത്തിൽ ഒരൊറ്റ വാഹനം പോലും വിറ്റിട്ടില്ലെന്ന് മാരുതി

കേരളത്തിലെ നാടകവേദികളെ കുറിച്ച് പഠിക്കുന്നതിനും പുസ്‌തകമെഴുതുന്നതിനും വേണ്ടിയാണ് ടെറി കേരളത്തിൽ എത്തിയത്. കൊച്ചി പനമ്പള്ളി നഗറിലാണ് ടെറിയുടെ താമസം. മേയ് 17 നാണ് ടെറിയുടെ വിസ കാലാവധി അവസാനിക്കുന്നത്. 180 ദിവസത്തെ ടൂറിസ്റ്റ് വിസയിലാണ് ടെറി കേരളത്തില്‍ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.