കൊച്ചി: ജിഷ വധക്കേസില്‍ അമീറുൽ ഇസ്‌ലാം നിരപരാധിയാണെന്ന് പ്രതിഭാഗം വക്കീല്‍ അഡ്വ. ബി.എ.ആളൂര്‍. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭാഗത്തിന് പറയാന്‍ ഉളളത് പറഞ്ഞിട്ടുണ്ടെന്നും നിരപരാധിക്ക് എന്ത് ശിക്ഷ വിധിക്കണമെന്ന് കോടതി തീരുമാനിക്കട്ടേയെന്നും ആളൂര്‍ പറഞ്ഞു.
പ്രതിഭാഗത്തിന്റെ വാദം നീണ്ടതോടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ടുളള ഏക പ്രതി അമീറുൽ ഇസ്‍ലാമിന്‍റെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നായിരുന്നു അമീറുലിന്റെ ആവശ്യം. കേസില്‍ വാദം തുടരുകയാണ്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം, കൊലപാതകം ചെയ്തിട്ടില്ലെന്നും ആരാണ് ചെയ്തതെന്ന് അറിയില്ലെന്നും കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ അമീറുൽ പറഞ്ഞു. എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് നാളെ കേസിൽ ശിക്ഷ വിധിക്കുന്നത്. കേസില്‍ അമീറുൽ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, ബലാൽസംഗം, പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കുക, വീട്ടിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്.