തിരുവന്തപുരം: 31 ദിവസം പ്രായമായ കുഞ്ഞുജീവനുമായി തമീം എന്ന ആംബുലൻസ് ഡ്രൈവർ ഇന്നലെ പരിയാരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പറന്നെത്തി, വെറും ആറേകാൽ മണിക്കൂർ കൊണ്ട്. പൊലീസും CPT Mission KNR-TVM എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പും തമീമിന് വഴിയൊരുക്കാൻ പരിശ്രമിച്ചപ്പോൾ ഏവരുടേയും മനസിലേക്കെത്തിയത് ‘ട്രാഫിക്’ എന്ന സിനിമയിലെ രംഗങ്ങൾ.

ബുധനാഴ്ചയാണ് ഫാത്തിമ ലൈബയെന്ന 31 ദിവസം മാത്രം പ്രായമുള്ള കുരുന്നിന്റെ ജീവൻ ഹൃദയസംബന്ധിയായ തകരാറിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായത്. സിഎംസിസി ആംബുലന്‍സ്‍ സർവീസ് ഫാത്തിമ ലൈബയേയും എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ ജിന്റോയെയും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ശ്രീചിത്ര ആശുപത്രിയിലെത്തിച്ചത് ആറേകാല്‍ മണിക്കുറിലാണ്. പൊലീസ് വാഹനം ആംബുലൻസിനു മുന്നിൽ അകമ്പടിയായി ഉണ്ടായിരുന്നു. കൂടാതെ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആംബുലൻസ് കടന്നു പോകുന്ന വഴി സുഗമമാക്കാൻ പരിശ്രമിക്കുകയും ചെയ്തു.

ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ CPT Mission KNR-TVM എന്ന 72 പേർ അടങ്ങുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സജ്ജീവമാക്കി അവസാനം വരെയും പ്രവർത്തിച്ചു. ഗ്രൂപ്പിൽ പൊലീസ്സുകാരെ കൂടി ഉൾപ്പെടുത്തി ആംബുലൻസ് പോകുന്ന വഴിക്കുള്ള തടസങ്ങൾ നീക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. കുട്ടിയുമായി ആംബുലൻസ് പോകുന്ന വഴി ലൈവ് ആയി ഗ്രൂപ്പിൽ അംഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നു. ഇതനുസരിച്ച് പ്രവർത്തകർ കാര്യങ്ങൾ ക്രമീകരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.


കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

ആംബുലൻസ് ജീവനക്കാരുടെ സംഘടന ആയ KADTA അംഗങ്ങളും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ആംബുലൻസിൽ ഇന്ധനം നിറയ്ക്കേണ്ട സൗകര്യവും ഇടക്ക് ഒരുക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി സംഭവം പ്രചരിച്ചതോടെ സഹായവുമായി കൂടുതൽ ആളുകൾ രംഗത്തെത്തി. വ്യാഴാഴ്ച പുലർച്ചെ 3.20 ഓടെ ആംബുലൻസ് കുട്ടിയുമായി ശ്രീചിത്ര ആശുപത്രിയിൽ എത്തി. ഉടൻ തന്നെ കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി.

ആംബുലൻസ് ജീവനക്കാർക്കും പോലീസുകാർക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുകയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ അടക്കം എല്ലാവരും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ