തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് രണ്ടാം പ്രതിയായ രാഹുലെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഹുലിനെ ഓഗസ്റ്റ് ഒമ്പത് വരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചത് അഖില്‍ വാട്സ് ആപ്പിലൂടെ രാഖിയെ അറിയിച്ചു. ആ വിവാഹം നടന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴി അഖിലിനെതിരെ പ്രചാരണം നടത്തുമെന്ന് രാഖി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് മൂന്നു പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പൊലീസ്. വീട് കാണാന്‍ എന്ന് പറഞ്ഞാണ് രാഖിയെ പ്രതികള്‍ കാറില്‍ കയറ്റുന്നത്. കാറിന്റെ പിന്‍സീറ്റിലായിരുന്നു രാഹുല്‍ ഇരുന്നിരുന്നത്. രാഹുലാണ് രാഖിയുടടെ കഴുത്ത് ആദ്യം ഞെരിച്ചത്. ഇതോടെ രാഖി അവശയായി. ഈ സമയം, അഖില്‍ പിന്‍സീറ്റിലേക്ക് മാറി. തുടര്‍ന്ന് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് അഖില്‍ രാഖിയുടെ കഴുത്ത് വരിഞ്ഞു മുറുക്കി.
കുഴി നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. രാഖിയുടെ മൃതദേഹം ഇവിടെ എത്തിച്ച് മറവ് ചെയ്യുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഖി അഖിലിനെ നിരന്തരം നാണം കെടുത്തുമെന്ന് പറഞ്ഞിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.