തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസിലെ രണ്ടാം പ്രതി അറസ്റ്റിലായി. ഒന്നാം പ്രതിയായ അഖിലിന്റെ സഹോദരൻ രാഹുലാണ് അറസ്റ്റിലായത്. കാട്ടാക്കട മലയൻകീഴിൽവച്ചാണ് പൂവാർ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖിയെ കഴുത്തു ഞെരിച്ച് കൊന്നശേഷമാണ് കുഴിച്ചു മൂടിയതെന്നും കാറിൽവച്ചാണ് കൊലപാതകം നടത്തിയതെന്നും രാഹുൽ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, കേസിലെ ഒന്നാം പ്രതി അഖിലിനെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം, കൊല്ലപ്പെട്ട രാഖിയുടെ കാമുകനും പട്ടാളക്കാരനുമായ അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്നാണ് അച്ഛൻ മണിയൻ പറഞ്ഞത്. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ കുടുംബത്തെ ഫോൺ വഴി ബന്ധപ്പെട്ടെന്നും മകൻ നിരപരാധിയാണെന്നും മണിയൻ വ്യക്തമാക്കി.
കൊല്ലപ്പെട്ട രാഖിയും കാമുകനും മുഖ്യപ്രതിയുമായ അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായിരുന്നെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.
Read Also: അമ്പൂരി കൊലപാതകം; രാഖിയുടെ കഴുത്ത് മുറുക്കിയത് പ്ലാസ്റ്റിക് കയറുകൊണ്ട്?
ഇതിന് ശേഷമാണ് മറ്റൊരു വിവാഹത്തിന് അഖില്‍ ശ്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തില്‍ നിന്നും രാഖിയുടെ താലിയും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പട്ട രാഖി നെയ്യാറ്റികര ബസ് സ്‌റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 21ന് എറണാകുളത്തേക്കെന്നും പറഞ്ഞ് ഇറങ്ങിയ രാഖി കാമുകൻ അഖിലേഷിനെ കാണാൻ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛൻ സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിൽ യാത്രാ മധ്യേ തന്റെ വിവാഹം മുടക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറണമെന്നും രാഖിയുമായി ബന്ധം മുന്നോട്ട് കൊണ്ടുപോവാനാവില്ലെന്നും പറഞ്ഞു.
എന്നാൽ ഇത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റേതെന്ന് പറയപ്പെടുന്ന ഐ ടെൻ കാറിൽ വീടിന് സമീപമെത്തിച്ചു. കാർ നിർത്തിയശേഷം ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയായിരുന്ന അഖിൽ രാഖിമോളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സഹോദരൻ രാഹുൽ കയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read More: ഞെട്ടിക്കുന്ന വഴിത്തിരിവ്: രാഖിയും അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ്; മൃതദേഹത്തില്‍ താലിമാല
കഴുത്തിൽ കുരുക്ക് മുറുകിയപ്പോൾ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാർ സ്റ്റാർട്ട് ചെയ്ത് അഖിൽ ആക്സിലേറ്റർ ഇരപ്പിച്ചതിനാൽ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല. അഖിലിന്റെ പറമ്പിൽ നഗ്നയായ നിലയിൽ മൃതദേഹം മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി. ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡൽഹിയിലേക്ക് അഖിൽ തിരികെ മടങ്ങി.
മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങള്‍ മാറ്റിയ ശേഷമാണ് കുഴിച്ചിട്ടത്. പ്രതികളെ കിട്ടിയാൽ മാത്രമേ വസ്ത്രങ്ങള്‍ കണ്ടെടുക്കാനും സാധിക്കൂ. എന്നാൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷമേ നിയമാനുസൃതമായ തെളിവെടുപ്പ് സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും നിരീക്ഷണത്തിലാണെന്നും തെളിവുകൾ നഷ്ടമാകില്ലെന്നും പൊലീസ് വ്യക്തമാക്കി.