കൊച്ചി: തൃശ്ശൂർ വാടാനപ്പള്ളിയിൽ ആത്മഹത്യ ചെയ്ത ദളിത് യുവാവ് എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ വിനായക(19)ന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവ്യക്തതകൾ. മരണത്തിന് മുൻപ് ശരീരത്തിൽ മുറിവുകളുണ്ടെന്ന് വ്യക്തമാക്കിയ റിപ്പോർട്ടിൽ ഇവയുടെ പഴക്കം ഉണ്ടാകാനുള്ള കാരണങ്ങൾ എന്നിവ മറച്ചുവച്ചാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ.എൻ.എ.ബൽറാം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഇതിന് പുറമേ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയതാണ് മരണത്തിന് പുറകിലെ കാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസാധാരണമായി ഡോക്ടർമാർ കുറിച്ചു. എന്നാൽ ഉണങ്ങിക്കൊണ്ടിരിക്കുന്ന മുറിവുകൾ കണ്ടെത്തിയതിനെ കുറിച്ച് ഡോക്ടർമാർ യാതൊന്നും കുറിച്ചുവച്ചില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതിനെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയർന്നിരിക്കെ ശരീരത്തിലെ മുറിവുകളെ കുറിച്ച് ഡോക്ടർമാർ വ്യക്തത വരുത്താതിരുന്നത് ദുരൂഹതയുണർത്തുന്നു.

മൂന്ന് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ടാമത്തെ പേജിലാണ് മരണത്തിന് മുൻപുള്ള മുറിവുകൾ വിശദീകരിച്ചിരിക്കുന്നത്. മൂക്കിന്റെ മുകളറ്റത്ത് നിന്ന് 8.5 സെന്റിമീറ്റർ മുകളിലായി തലയിൽ മുറിവേറ്റ പാട് മൂന്നാമത്തെ പോയിന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് 8.5 സെന്റിമീറ്റർ ഉയരെ മറ്റൊരു മുറിവും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

മൂർദ്ധാവിൽ ഇടത് ഭാഗത്തും മുറിവേറ്റ പാട് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മാറിൽ മുലക്കണ്ണിലും പരിക്കുകളുണ്ട്. ഇതിന് പുറമേ ഇടത് മാറിൽ ആറ് മുറിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇടതുകാലിലെ ചെറുവിരലിൽ നഖത്തോട് ചേർന്ന് മുറിവ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ശരീരത്തിലും മുറിവുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

postmortem

എന്നാൽ ഈ മുറിവുകൾ മരണത്തിന് മുൻപ് ഉണ്ടായതാണെങ്കിലും എപ്പോൾ ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ല. സാധാരണ ഏത്ര ദിവസം പഴക്കമുള്ള മുറിവുകളാണ് ഇവയെന്ന് രേഖപ്പെടുത്താറുണ്ട്. തൂങ്ങിമരിക്കുന്ന സന്ദർഭങ്ങളിൽ പോലും ശ്വാസംമുട്ടിയാണ് ആളുകൾ മരിക്കാറുള്ളത്. ഹൃദയാഘാതം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇത്തരം സന്ദർഭങ്ങളിൽ കുറിക്കാറുള്ളതെന്ന് എറണാകുളത്തെ സർക്കാർ ഡോക്ടർമാർ വിശദീകരിച്ചു.

ഇതോടെ മർദ്ദനമേറ്റ കാര്യം സാധൂകരിച്ചെങ്കിലും ഇത് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണോയെന്ന് ഉറപ്പിക്കാൻ വിനായകന്റെ കുടുംബം പാട്പെടും. പാവറട്ടി പൊലീസ് മർദ്ദിച്ചവശനാക്കിയ ശേഷം ഈ മനോവേദനയിലാണ് വിനായകൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. മുടി പിടിച്ച് പറിച്ചെന്നും മുലക്കണ്ണിൽ ഞെരടി മുറിവേൽപ്പിച്ചെന്നും ശരീരത്തിലാകെ മർദ്ദിച്ചെന്നും കാലിൽ ബൂട്ട് കൊണ്ട് ചവിട്ടിയെന്നും വിനായകൻ പറഞ്ഞതായി വാടാനപ്പള്ളിയിലെ ഡിവൈഎഫ്ഐ ബ്ലോോക് കമ്മിറ്റിയംഗം സുൽത്താൻ ഐഇ മലയാളത്തോട് വ്യക്തമാക്കിയിരുന്നു. പൊലീസ് സർജൻ മുറിവുകളുടെ വിശദവിവരങ്ങൾ വ്യക്തമാക്കാതിരുന്നത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ