ചെന്നൈ: മുൻ ഇന്ത്യൻ സ്ഥാനപതിയും സാഹിത്യകാരനുമായ ബി.മോഹനചന്ദ്രൻ എന്ന ബി.എം.സി.നായർ (77) അന്തരിച്ചു. അണ്ണാനഗറിലെ വീട്ടിൽ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീർഘനാളായി ചികിൽസയിലായിരുന്നു.

മൊസാംബിക്, ജമൈക്ക, സിംഗപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അദ്ദേഹം ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി

മലയാളത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു മാന്ത്രിക നോവൽ മോഹനചന്ദ്രന്റേതായിരുന്നു. കലിക എന്ന ആ നോവൽ പിന്നെ അദ്ദേഹത്തിന്റെ പേരിന്റെ ഭാഗമായി പലരും ചേർത്തു പറഞ്ഞു. മാന്ത്രിക നോവൽ എന്ന നിലയിലും അതിലെ സ്ത്രീ കേന്ദ്രീകൃതമായ രചനാ രീതിയുടെയും പേരിലാണ് ആ രചന വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കാപ്പിരികളുടെ രാത്രി’, ‘ഹൈമവതി’, വേലൻ ചെടയൻ എന്നിവ അദ്ദേഹത്തിന്റെ മറ്റ് രചനകളാണ്. വേലൻചെടയനാണ് അവസാന കൃതി

1941 മെയ് 20ന് എറണാകുളം പെരുമ്പാവൂരിലനടുത്ത് പുല്ലുവഴിയിലാണ് ജനനം. കേരള സർവകലാശാലയിൽനിന്ന് എംഎ (ഹിസ്‌റ്ററി) ഒന്നാം റാങ്കോടെ പാസായി. എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.

ലളിതയാണു ഭാര്യ. രണ്ടു മക്കളുണ്ട് മാധവി, ലക്ഷ്‌മി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.