അന്പലപ്പുഴ: മുൻ ഇന്ത്യൻ നായകനും സൂപ്പർ താരവുമായ മഹേന്ദ്രസിങ് ധോണിയുടെ മകൾ സിവയ്ക്ക് അന്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. മോഹൻലാൽ അഭിനയിച്ച അദ്വൈതം എന്ന ചിത്രത്തിലെ ‘അന്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ’ എന്നു തുടങ്ങുന്ന ഗാനം രണ്ടര വയസുകാരിയായ സിവ ആലപിച്ചത് വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രം ഉപദേശകസമിതി സിവയെ ഉത്സവത്തിലേക്ക് ക്ഷണിക്കാൻ ഒരുങ്ങുന്നത്.
ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്നുതന്നെ ധോണിക്ക് അയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പിന്തുണയോടെയാണ് സിവയെ ക്ഷണിക്കുന്നത്.
കുഞ്ഞ് സിവയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് സോഷ്യൽ മീഡിയയിലെത്തിയിരിക്കുന്നത്. കുസൃതികള്‍ കൊണ്ട് ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള കുഞ്ഞുമിടുക്കിയാണ് സിവ ധോണി. മലയാളി പോലുമല്ലാത്ത ഒരു കുഞ്ഞു ഗായിക എങ്ങിനെ മലയാള സിനിമാഗാനം പാടിയെന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് പലരും വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റ് ആരാധകർ കേട്ടിട്ടില്ലെന്നതാണ് യാഥാർഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യൽമീഡിയയിൽ വൈറലായ വിഡിയോയെക്കുറിച്ച ആരാധകർ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്.