ആലപ്പുഴ: ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ ലോറിയിലേക്ക് ഇടിച്ചു കയറുന്നത് ദൃശ്യങ്ങളിൽ കാണാം. കാർ അമിത വേഗതയിൽ ആയിരുന്നെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഇന്നു പുലർച്ചെ 1.30 നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാർ, കൊല്ലം ഭാഗത്തേക്ക് അരി കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) , സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.
നാലുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇവർ ഐഎസ്ആര്‍ഒ കാന്റീനിലെ താൽക്കാലിക ജീവനക്കാരാണ്. സുഹൃത്തുക്കളായ ഇവർ ഒരുമിച്ച് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു.
അമ്പലപ്പുഴ വാഹനാപകടം: മുഖ്യമന്ത്രി അനുശോചിച്ചു
അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട അഞ്ച് യുവാക്കളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.