തിരുവനന്തപുരം: അമ്പലമുക്കിൽ ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. കന്യാകുമാരിയിലാണ് തെളിവെടുപ്പ്. രാജേന്ദ്രൻ മോഷ്ടിച്ച വിനീതയുടെ നാലരപവന്റെ മാല പൊലീസ് കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്.
ഇന്നലെയാണ് പ്രതി രാജേന്ദ്രൻ തമിഴ്നാട്ടിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ തമിഴ്നാട്ടിൽ നാല് കൊലക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അമ്പലമുക്കിന് സമീപം ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ വിനീതയാണ് കൊല്ലപ്പെട്ടത്. അവധി ദിവസമായതിനാല്‍ ചെടികള്‍ വെള്ളം നനയ്ക്കാന്‍ കടയിലെത്തിയതായിരുന്നു വിനീത. ഏകദേശം 11 മണി വരെ വിനീതയെ കടയില്‍ കണ്ടതായി സമീപവാസികള്‍ പറയുന്നു.
പിന്നീട് ചെടി വാങ്ങാനെത്തിയവരാണ് കടയില്‍ ആരുമില്ലെന്ന കാര്യം മനസിലാക്കിയതും ഉടമയെ വിളിച്ചതും. കടയിലെ മറ്റൊരു ജീവനക്കാരിയെത്തി പരിശോധിച്ചപ്പോഴാണ് വിനീതയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയാണ് കാണാതായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Also Read: അമ്പലമുക്ക് കൊലപാതകം: പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി