തിരുവനന്തപുരം: അമ്പലമുക്കില്‍ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഉന്നത ഉദ്യോഗസ്ഥര്‍ ചോദിക്കുമ്പോള്‍ മാത്രമാണ് രാജേന്ദ്രന് മറുപടി നല്‍കുന്നതെന്നും പൊലീസ് പറയുന്നു. ഏഴ് ദിവസത്തേക്കാണ് ഇയാളെ കൊടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുള്ളത്.
വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി, കൊലപാതകം ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയാണ് ഇനി അന്വേഷണ സംഘത്തിന് കണ്ടെത്താനുള്ളത്. ഇത് എവിടെയാണെന്നത് സംബന്ധിച്ച് ഇയാള്‍ വ്യക്തത നല്‍കുന്നില്ല. മറ്റ് കുറ്റകൃത്യങ്ങളില്‍ രാജേന്ദ്രന് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനും പൊലീസ് ശ്രമം നടത്തുന്നുണ്ട്.
വിനീതയെ കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന് മോഷ്ടിച്ച സ്വർണമാല പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കന്യാകുമാരി അഞ്ചു ഗ്രാമത്തിലെ ഒരു സ്ഥാപനത്തിൽ പണയം വച്ച മാല തെളിവെടുപ്പിനിടെയാണ് പൊലീസിന് ലഭിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഇയാളെ തമിഴ്നാട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊലപാതകം നടന്നത്. അമ്പലമുക്കിന് സമീപം ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ വിനീതയാണ് കൊല്ലപ്പെട്ടത്. അവധി ദിവസമായതിനാല്‍ ചെടികള്‍ വെള്ളം നനയ്ക്കാന്‍ കടയിലെത്തിയതായിരുന്നു വിനീത. ഏകദേശം 11 മണി വരെ വിനീതയെ കടയില്‍ കണ്ടതായി സമീപവാസികള്‍ പറയുന്നു.
പിന്നീട് ചെടി വാങ്ങാനെത്തിയവരാണ് കടയില്‍ ആരുമില്ലെന്ന കാര്യം മനസിലാക്കിയതും ഉടമയെ വിളിച്ചതും. കടയിലെ മറ്റൊരു ജീവനക്കാരിയെത്തി പരിശോധിച്ചപ്പോഴാണ് വിനീതയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.