scorecardresearch
Latest News

ആചാരവും വിശ്വാസവും: അമല പോളിന്റെ ക്ഷേത്രദർശന വിവാദത്തിന് പിന്നിൽ

അമല പോളിന് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത് ചർച്ചാവിഷയമായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിച്ചിരുന്നു. എന്താണ് വിവാദത്തിലെ വസ്തുതയെന്നറിയാം

ആചാരവും വിശ്വാസവും: അമല പോളിന്റെ ക്ഷേത്രദർശന വിവാദത്തിന് പിന്നിൽ

അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചുവെന്നാരോപിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി. ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് സാമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തിയത്.

അമല പോളിന്റെ പ്രവേശനവുമായി ഉണ്ടായ വിവാദം മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ക്ഷേത്ര ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി. ജി. സുകുമാരൻ പറഞ്ഞു. “തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം കേരളത്തിലെ വളരെ പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ്. ഇവിടുത്തെ ആചാരങ്ങൾ എന്താണെന്ന് ഈ നാട്ടിലുള്ളവർക്ക് വളരെ വ്യക്തമാണ്. ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അമല പോളിനെയും അമ്മയെയും ക്ഷേത്രദർശനത്തിനായി കൂട്ടിക്കൊണ്ടുവന്നയാൾ ഈ നാട്ടുകാരനും ഹിന്ദു ഐക്യവേദി പ്രവർത്തകനുമായ വ്യക്തിയാണ്. ഇവിടുത്തെ ആചാരങ്ങൾ എങ്ങനെയാണെന്ന് വ്യക്തമായി അറിയാവുന്നയാൾ.

അമല പോളിനെ ക്ഷേത്ര ദർശനത്തിനായി കൂട്ടിക്കൊണ്ടു വന്നതും ഇതിന്റെയെല്ലാം ചിത്രം പകർത്തിയതും വാർത്ത പുറത്ത് വിട്ടതും അതേ വ്യക്തിയാണ്. അങ്ങനെയൊരാൾ ചെയ്യുന്നത് മനഃപൂർവം ഒരു വിവാദം ഉണ്ടാക്കാനായി തന്നെയാണ്. ഇനിയിപ്പോൾ അമല പോളിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ അത് മറ്റൊരു വിവാദമായി ഇതേ ആളുകൾ വലുതാക്കിയേനെ. ക്ഷേത്ര കമ്മിറ്റി ആചാരലംഘനം നടത്തി എന്ന രീതിയിൽ ആകുമായിരുന്നു ആ വിവാദം. അവരെ അകത്ത് പ്രവേശിപ്പിച്ചാൽ അതൊരു വലിയ പ്രശ്നമായി മാറ്റുമായിരുന്നുവെന്നും,” സുകുമാരൻ പറഞ്ഞു.

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

ആലുവയിൽ പെരിയാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷമാണ് ധനുമാസത്തിലെ തിരുവാതിര നാളിൽ തുടങ്ങി 12 ദിവസം നീണ്ടുനിൽക്കുന്ന പാർവതീദേവിയുടെ നടതുറപ്പ് മഹോത്സവം. വർഷത്തിൽ ഈ ദിവസങ്ങളിൽ മാത്രമാണ് പാർവതീദേവിയുടെ നടതുറക്കുന്നത്. ബാക്കി എല്ലാ ദിവസവും പൂജ നടക്കാറുണ്ടെങ്കിലും ദർശനം സാധ്യമല്ല. നിരവധി ഭക്തജനങ്ങളാണ് നടതുറപ്പ് ഉൽസവത്തിനായി ഇവിടെ എത്തുന്നത്. ഈ വർഷം ജനുവരി 5ന് തുടങ്ങിയ നടതുറപ്പ് ഉൽസവം 16നാണ് സമാപിച്ചത്. ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്. 1991 മേയില്‍ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോള്‍ ക്ഷേത്ര ഭരണം.

വിവാദം ഇങ്ങനെ

അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചുവെന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വന്നത്. നട തുറപ്പ് ഉത്സവത്തോട് അനുബന്ധിച്ചാണ് നടി ജനുവരി 16ന് ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടി അധികൃതര്‍ ദര്‍ശനം നിഷേധിച്ചിരുന്നു. തുടര്‍ന്ന് മതിൽക്കെട്ടിനു പുറത്തുനിന്ന് ദര്‍ശനം നടത്തി പ്രസാദവും വാങ്ങി അമല പോള്‍ മടങ്ങി.

ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിച്ചുവെന്ന് അമല പോൾ ക്ഷേത്രത്തിലെ സന്ദർശക രജിസ്റ്ററില്‍ എഴുതി.

“ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിച്ചു. മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും” സന്ദർശക രജിസ്റ്ററിൽ അമല അഭിപ്രായം രേഖപ്പെടുത്തി.

എന്നാല്‍ നിലവിലെ ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, “വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നൽകുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും,” ഹിന്ദു ഐക്യവേദി നേതാവ് ആർ. വി ബാബു ഒരു ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി കാലോചിതമായ ഒരു തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുമെന്നും ബാബു പറഞ്ഞു.

ആചാരങ്ങളിൽ മാറ്റം സാധ്യമോ?

ക്ഷേത്രത്തിലെ ആചാരങ്ങൾ അങ്ങനെ പെട്ടെന്ന് മാറ്റാൻ സാധിക്കുന്നതല്ല, സുകുമാരൻ പറഞ്ഞു. “കേരളത്തിലെ ഓരോ ക്ഷേത്രങ്ങൾക്കും വ്യത്യസ്ത ആചാരങ്ങൾ ഉണ്ടാകും. അവിടെയുള്ള പ്രതിഷ്ഠ ഒന്നാണ് എന്നതിനാൽ ആചാരങ്ങളും അതുതന്നെയാണ് എന്ന് അർഥമില്ല. തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാദേവനാണ്. അതിനാൽ മറ്റു ശിവക്ഷേത്രങ്ങളിലെ ആചാരങ്ങൾ തന്നെയാകണം എന്നില്ല. ഇവിടെ ഹിന്ദുവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനം ഉള്ളത്.

ക്ഷേത്രത്തിലെ ആചാരകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിക്കാണ്. വി.കെ.സി.വിഷ്ണു ഭട്ടതിരിപ്പാടാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ പ്രധാന തന്ത്രി. കാലങ്ങളായി പാലിച്ചുവരുന്ന ആചാരങ്ങൾ മാറ്റണമെങ്കിൽ അതിനു തീരുമാനം എടുക്കേണ്ടേത് തന്ത്രിസമാജത്തിൽ ആലോചിച്ചശേഷമാണ്.  

അന്യമതസ്ഥർ ക്ഷേത്ര ദർശനം നടത്തിപോകുന്നുണ്ടായിരിക്കാം. അത് എല്ലാവരും അറിയണമെന്നില്ല. എന്നാൽ സെലിബ്രിറ്റീസ് വരുമ്പോൾ അതല്ല സ്ഥിതി. അത് വിവാദമായി മാറും. അമലാ പോളിനു മുന്നേ നിരവധി വർഷങ്ങളായി ചർച്ച ചെയ്ത വിഷയമാണ് യേശുദാസിന്റെ ഗുരുവായൂർ പ്രവേശനവും. അതും തീരുമാനമാകാത്തത് ഇത്തരം വിവാദങ്ങൾ കാരണമാണ്,” സുകുമാരൻ പറഞ്ഞു.

ഹിന്ദു ഐക്യവേദി പ്രവർത്തകന്റെ ഇരട്ടത്താപ്പ്

“2014- 2015 കാലഘട്ടത്തിൽ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിൽ ക്രിസ്ത്യാനികളും മുസ്‌ലിം വിശ്വാസികളും ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ക്ഷേത്രത്തിനു പുറത്തായിരുന്നു കാണിക്ക എണ്ണിയിരുന്നത്. അന്ന് ഇതേ വ്യക്തി തന്നെയാണ് ഹിന്ദുക്കൾ തലയ്ക്കുഴിഞ്ഞ് ഭണ്ഡാരത്തിൽ ഇടുന്ന കാണിക്ക അന്യമതസ്ഥരെക്കൊണ്ട് എണ്ണിക്കരുത് എന്ന് പറഞ്ഞു സമരം നടത്തിയത്. ഒടുവിൽ പ്രശ്നം രൂക്ഷമാക്കാതിരിക്കാൻ കാണിക്ക എണ്ണാൻ വന്നിരുന്നവർ സ്വയം പിന്മാറുകയായിരുന്നു.

ഇന്നു മറ്റൊരു തരത്തിലാണ് വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അന്നത്തെ നിലപാടിന് നേരേ വിപരീതമാണ് ഇപ്പോൾ പറയുന്നത്. അമല പോളിനെ ആചാരങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവർ മതിൽക്കെട്ടിനു പുറത്തുനിന്നു തൊഴുകയും പ്രസാദം വാങ്ങുകയും ചെയ്തു. സെക്രട്ടറി വിസിറ്റേഴ്സ് ഡയറി നൽകി അമല പോളിനോട്, എന്താണ് മാഡത്തിന് തോന്നിയത് അത് എഴുതിക്കോളാനും പറഞ്ഞു. അതാണ് അവർ വിസിറ്റേഴ്സ് ബുക്കിൽ കുറിച്ചത്,” സുകുമാരൻ പറഞ്ഞു.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിരെ ആചാരസംരക്ഷണ മുദ്രാവാക്യം മുഴക്കി കേരളത്തിലങ്ങോളമിങ്ങോളം അക്രമ സമരം നടത്തിയവരാണ് ഇപ്പോൾ ആചാരം ലംഘിച്ച് വിപ്ലവകാരികളാകാൻ വരുന്നതെന്ന പരിഹാസം ഇവർക്കെതിരെയും ഉയർന്നു കഴിഞ്ഞു. ശബരിമലയിൽ വിശ്വാസിയായ സ്ത്രീക്ക് പ്രായവിലക്കേർപ്പെടുത്തുന്ന ആചാരവും വിശ്വാസിയല്ലാത്ത പുരുഷന്, ശബരിമല  ദർശനവും ലഭിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് കൂടെ ഈ വാദം പറയുന്ന ആർ.വി.ബാബു മറുപടി പറയേണ്ടതില്ലേ എന്നാണ് അവർ ഉന്നയിക്കുന്ന ചോദ്യം. ആചാരമല്ല, വിശ്വാസമാണ് പ്രധാനമെങ്കിൽ അത് എല്ലായിടത്തും ഒരുപോലെയല്ലേ എന്ന പ്രശ്നവും ആർ.വി.ബാബു ഉൾപ്പടെയുള്ള ഹിന്ദുത്വവാദ പ്രവർത്തകരുടെ അമലപോൾ അനുകൂല ആചാരലംഘന വാദത്തിനെതിരെ ഉയർന്നിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Amala paul thiruvairanikulam temple controversy