തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്യുന്നതിന് നടി അമല പോൾ വ്യാജരേഖയുണ്ടാക്കി. പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അമല തന്റെ എസ് ക്ലാസ് ബെൻസ് റജിസ്റ്റർ ചെയ്തത് ഓഗസ്റ്റ് 9 നാണ്. എന്നാൽ പുതുച്ചേരിയിൽ വാടകച്ചീട്ടുണ്ടാക്കിയത് ഒരാഴ്ച മുൻപുമാത്രമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വാഹന റജിസ്ട്രേഷൻ തട്ടിപ്പിൽ അമല പോളിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനു നടി മറുപടി നൽകുകയും ചെയ്തു. പക്ഷേ അമലാ പോളിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഒരാഴ്ചയ്ക്കുളളിൽ വീണ്ടും വിശദമായ മറുപടി നൽകുകയോ നികുതി അടയ്ക്കുകയോ ചെയ്യണമെന്ന് നടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഓഗസ്‌റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ റജിസ്‌റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്‌റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.

പോണ്ടിച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തിൽ നൽകേണ്ടി വന്നത്. പോണ്ടിച്ചേരിയിൽ വാഹനം റജിസ്‌റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, നടിക്ക് നേരിട്ട് അറിയാത്ത എൻജിനീയറിങ് വിദ്യാർഥിയുടെ തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് പോണ്ടിച്ചേരിയിൽ കാർ റജിസ്‌റ്റർ ചെയ്തത്. ഇവർക്ക് അമല പോളിനെയോ കാർ റജിസ്ട്രേഷൻ നടത്തിയ വിവരമോ അറിയില്ല. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ റജിസ്‌ട്രേഷന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.