കോഴിക്കോട്: സാഹിത്യ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ പോകാന്‍ ഭയമില്ലെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. സാഹിത്യകാരന്‍മാര്‍ പാക്കിസ്ഥാനിലേക്ക് പോകണമോയെന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റുഡന്റ് കെഎല്‍എഫില്‍ പി.ടി മുഹമ്മദ് സാദിഖുമായി നടന്ന മുഖാമുഖത്തില്‍ സംബന്ധിക്കുകയായിരുന്നു ബെന്യാമിന്‍.

പാക്കിസ്ഥാനിലേക്ക് പോയ അനുഭവമാണ് തന്റെ ‘ ഇരട്ട മുഖമുള്ള നഗരം’ എന്ന കൃതിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആടുജീവിതം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തരുതെന്ന് മലയാളിയായ വ്യവസായി ഭീഷണിപ്പെടുത്തിയിരുന്നു. ഗള്‍ഫ് നാടുകളോടുള്ള മലയാളികളുടെ മനോഭാവത്തില്‍ മാറ്റം വരുമോയെന്നും, തന്റെ വ്യവസായത്തിലെ തളര്‍ച്ചയ്ക്ക് കാരണമാവാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവും പങ്കുവെച്ചാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയതെന്നും ബെന്യാമിന്‍ പറഞ്ഞു.

സാഹിത്യകാരന്‍മാര്‍ പൊതുവെ ഭയത്തോടെയാണ് ജീവിക്കുന്നത്. അറേബ്യന്‍ ഫാക്ടര്‍ പോലൊരു നോവല്‍ ഗള്‍ഫില്‍ നിന്നുമെഴുതാന്‍ സാധിക്കില്ലെന്ന ഭയത്താലാണ് പ്രവാസം അവസാനിപ്പിച്ചത്. എന്നാല്‍ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോള്‍ തനിക്ക് എഴുത്തില്‍ കൂടുതല്‍ സത്യസന്ധത പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അവയോട് വേണ്ടത്ര രീതിയില്‍ നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

സുരക്ഷിതമല്ലാത്തയിടങ്ങളില്‍ നിന്ന് എഴുത്തുകാരന് സത്യസന്ധമായി എഴുതാനാവില്ലെന്നും ചരിഞ്ഞപ്രതലത്തിലൂടെ ഇഴഞ്ഞിഴഞ്ഞാണ് താന്‍ സാഹിത്യലോകത്തേക്ക് കടന്നുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ആദ്യകൃതി തിരസ്‌ക്കരിക്കപ്പെടുന്നെങ്കില്‍ അത് പുതിയ കൃതിക്കുള്ള ഊര്‍ജ്ജമായി കാണണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.

യുവ തലമുറ വ്യത്യസ്തനിരീക്ഷങ്ങള്‍കൊണ്ടും അഭിപ്രായങ്ങള്‍ക്കൊണ്ടും സാഹിത്യലോകത്തിലേക്ക് വരുന്നു എന്ന സന്തോഷം അദ്ദേഹം മുഖാമുഖത്തില്‍ പങ്കുവെച്ചു. പാഠപുസ്തകത്തില്‍ സാഹിത്യകൃതികള്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള പി.ടി മുഹമ്മദ് സാദിഖിന്റെ ചോദ്യത്തോട് പുസ്തകത്തിന്റെ ലോകത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ കടന്നുവരവായാണ് താന്‍ അതിനെ കാണുന്നത് എന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ചെറുപ്പത്തില്‍ കപില്‍ദേവിനെപ്പോലെ ഒരു ക്രിക്കറ്റുകളിക്കാരനാവണം എന്നായിരുന്നു ആഗ്രഹമെങ്കിലും എഴുത്തുകാരന്‍ എന്ന ഈ റോള്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടും ആഹ്ലാദത്തോടുമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.