/indian-express-malayalam/media/media_files/uploads/2019/03/arif-cats-002.jpg)
തിരുവനന്തപുരം: താൻ തോറ്റാൽ തല മൊട്ടയടിക്കുമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തനിക്ക് ദോഷം ചെയ്തെന്ന് ആലപ്പുഴയിൽ നിന്ന് വിജയിച്ച നിയുക്ത എംപി എ.എം.ആരിഫ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആലപ്പുഴയിൽ ഉണ്ടായില്ലെന്നും ആരിഫ് തുറന്നടിച്ചു. ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോറ്റാൽ തല മൊട്ടയടിക്കുമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ചർച്ചയായിരുന്നു.
ഈഴവരുടെ വോട്ട് കൊണ്ടാണ് ആലപ്പുഴയിൽ എൽഡിഎഫ് ജയിച്ചതെന്ന വെള്ളാപ്പള്ളി നടേശന്റെ അവകാശവാദം തള്ളി എ.എം.ആരിഫ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല ജയിച്ചതെന്ന് എ.എം.ആരിഫ് പറഞ്ഞു.
ചേർത്തലയിൽ ആരിഫിന് ലഭിച്ച വലിയ ഭൂരിപക്ഷം ഈഴവ അക്കൗണ്ടിൽ ചേർക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പളളിയുടെ അവകാശവാദം എ.എം.ആരിഫ് പൂർണമായും തള്ളി. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ടു കൊണ്ടല്ല ജയിച്ചത്. എസ്എൻഡിപിയുടേയും എൻഎസ്എസിന്റേയും അടക്കം എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ലഭിച്ചു. വെള്ളാപ്പള്ളി അവകാശപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചെങ്കിലും കുറവുണ്ടായെന്നും എ.എം.ആരിഫ് പറഞ്ഞു.
അതേസമയം, മണ്ഡലത്തിലെ പരാജയത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ ചിലരുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തോൽവിക്ക് കാരണമായവർക്കെതിരെ നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.