കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് കെെമാറി. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ അമ്മ നന്ദിനിയുടെ വീട്ടിൽ സംസ്‌കരിക്കും.

കുട്ടിയുടെ ശരീരത്തിൽ രണ്ട് നാണയങ്ങൾ കണ്ടെത്തി. 50 പെെസയുടെയും ഒരു രൂപയുടെയും നാണയങ്ങളാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ രണ്ട് നാണയങ്ങളുള്ളതായി മനസിലായത്. കുട്ടി അബദ്ധത്തിൽ വിഴുങ്ങിയതാകും നാണയങ്ങളെന്നാണ് നഗമനം.

അതേസമയം, കുട്ടിയുടെ മരണത്തിനു കാരണം നാണയം വിഴുങ്ങിയതല്ലെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. മരണകാരണം പൂര്‍ണമായി വ്യക്തമാകാന്‍ രാസപരിശോധനാഫലം പുറത്തുവരണം. കുട്ടിയുടെ വൻകുടലിന്റെ താഴ്‌ഭാഗത്തു നിന്നാണ് നാണയങ്ങൾ കണ്ടെത്തിയത്. മൃതദേഹാവശിഷ്‌ടങ്ങൾ രാസപരിശോധനയ്‌ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.

Read Also: പ്രതിപക്ഷം മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ആകരുത്: എ.കെ.ബാലൻ

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് ഇന്നലെയാണ് മരിച്ചത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. കുഞ്ഞിനു ചികിത്സ തേടി ആലുവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിനു ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഉത്തരവിട്ടിട്ടുണ്ട്.

ശനിയാഴ്‌ച രാവിലെ പതിനൊന്നോടെയാണ് കുട്ടി നാണയം വിഴുങ്ങുന്നത്. തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് മടക്കിവിട്ടതായി മാതാപിതാക്കൾ ആരോപിക്കുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും പീഡിയാട്രീഷൻ ഇല്ലെന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. പഴവും ചോറും നൽകിയാൽ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നൽകാതെ പറഞ്ഞുവിടുകയായിരുന്നു എന്നും മാതാപിതാക്കൾ ആരോപിച്ചു.

അതേസമയം, കുട്ടിയുടെ മരണകാരണം മറ്റേതെങ്കിലും അസുഖം മൂലമാകുമെന്ന് ശിശുരോഗവിദഗ്‌ധർ സംശയിക്കുന്നു. നാണയം വിഴുങ്ങുന്നത് മരണത്തിനു കാരണമാകില്ലെന്നാണ് വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.